തിരുവനന്തപുരം: ആത്മീയ ഗുരുവായി അറിയപ്പെടുന്ന ശ്രീ എമ്മിന്‍റെ സത്സംഗ് ഫൗണ്ടേഷന് യോഗ റിസർച്ച് സെന്‍റർ സ്ഥാപിക്കാൻ ഭൂമി നൽകിയ സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി സമൂഹ മാധ്യമങ്ങൾ. ആർ.എസ്.എസ് സഹയാത്രികനായി അറിയപ്പെടുന്ന ഇദ്ദേഹത്തിന്‍റെ സ്ഥാപനത്തിന് നാേലക്കർ ഭൂമി നൽകാനാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്.
തിരുവനന്തപുരം ചെറുവയക്കൽ വില്ലേജിലാണ് ഭൂമി അനുവദിക്കുക. ഹൗസിങ് ബോര്‍ഡിന്‍റെ കൈവശമുള്ളതാണ് സ്ഥലം. 10 വർഷത്തേക്ക് ലീസിനാണ് ഭൂമി നൽകുന്നത്.
യോഗി എം, ശ്രീ മധുകര്‍നാഥ്, മുംതാസ് അലി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ശ്രീ എം തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂർ സ്വദേശിയാണ്. കഴിഞ്ഞവർഷം രാജ്യം ഇദ്ദേഹത്തെ പദ്മഭൂഷണ്‍ നൽകി ആദരിച്ചിരുന്നു. മഹേശ്വര്‍നാഥ് ബാബയാണ് ഇദ്ദേഹത്തിന്‍റെ ഗുരു.
രാഷ്ട്രീയ സ്വയംസേവക് സംഘവുമായും പത്രവുമായുള്ള ബന്ധം നേരത്തെ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീ എം തുറന്നുപറയുന്നുണ്ട്. ആര്‍.എസ്.എസുമായി ഏറെ അടുപ്പത്തിലാണ് സഞ്ചരിച്ചിരുന്നതെന്നും ഇവരുടെ തന്നെ അക്കാദമിക്-റിസർച്ച് ജേണൽ ആയ 'മാന്തന്‍റെ' ജോയിന്‍റ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നതായും അദ്ദേഹം പറയുന്നു. ഓര്‍ഗനൈസറിന്‍റെ ചെന്നൈ ലേഖകനായും പ്രവര്‍ത്തിച്ചു.
ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ശ്രീ എം ഒരുമിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ആര്‍.എസ്.എസ് സഹയാത്രികന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
ആറടി മണ്ണിന് വേണ്ടി സമരം ചെയ്യുന്ന ജനങ്ങളുടെ നാട്ടിലാണ് നാല് ഏക്കർ സർക്കാർ ഭൂമി ദാനം ചെയ്യുന്നതെന്നാണ് വിമർശനം. ഗാന്ധിയെ കൊന്ന ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന ഒരാള്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും തീരുമാനം പുനഃപരിശോധിച്ച് പിന്‍വലിക്കണമെന്നും പലരും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.