തിരുവനന്തപുരം: 80:20 അനുപാതം റദ്ദ് ചെയ്ത കോടതി വിധിയുടെ പശ്ചാത്തലത്തിൽ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ നിയമനിർമാണം നടത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ അവശ്യപ്പെട്ടു. പാലോളി കമീഷൻ ശിപാർശ വഴി നടപ്പിലാക്കിയ മുസ്‌ലിം ക്ഷേമപദ്ധതികൾ ജനസംഖ്യാനുപാതികമായാണ് നടപ്പിലാക്കേണ്ടത് എന്ന കോടതിവിധി ഭരണഘടനാ താൽപര്യങ്ങളെയും സാമൂഹിക നീതിയെയും അട്ടിമറിക്കുന്നതാണ്. വിഷയത്തിൽ മുഖ്യമന്ത്രി തുടരുന്ന കുറ്റകരമായ മൗനം വെടിയണം. മുസ്‌ലിം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ ഇല്ലാതെ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിലെ പിണറായി സർക്കാറിന്‍റെ വഞ്ചനക്കെതിരെ നടത്തിയ നിയമസഭ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.
80:20 അനുപാതം റദ്ദ് ചെയ്ത കോടതി വിധി വസ്തുതകളെ പരിഗണിക്കാത്തതാണ്. മുസ്‌ലിങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ സർക്കാർ നിയോഗിച്ച കമീഷനാണ് പാലൊളി കമീഷൻ. എന്നാൽ ഈ കമീഷൻ ശിപാർശകൾ വഴി സ്ഥാപിതമായ സ്‌കോളർഷിപ്പുകൾ ഉൾപ്പടെയാണ് ജനസംഖ്യാ അടിസ്ഥാനത്തിൽ വിതരണം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വസ്തുതകളുടെ ഒരു പിൻബലവുമില്ലാത്ത മുസ്‌ലിം വിരുദ്ധമായ പ്രചാരണങ്ങൾക്ക് വഴങ്ങി മുസ്‌ലിം സമുദായതിന്‍റെ അവകാശങ്ങൾ നഷ്ടപ്പെടുത്തിയത് ഭരണ ഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ്.
പൊതുസമൂഹത്തിൽ ഇത്തരം ചർച്ചകൾ ഉയർത്തിയവരുടെ താല്പര്യങ്ങളെ താൽക്കാലിക ലാഭത്തിനു വേണ്ടി മൗനസമ്മതം നൽകി എന്നുള്ളത് ഗൗരവം നിറഞ്ഞ കാര്യമാണ്. വസ്തുതകൾ ബോധ്യമാക്കുന്ന ധവളപത്രം പുറപ്പെടുവിച്ച് ഈ കുപ്രചരണങ്ങൾക്ക് തടയിടാനുള്ള ബാധ്യത സർക്കാറിനുണ്ട്. കോടതിയിൽ കേസ് നടക്കുമ്പോൾ വസ്തുതകൾ ഉന്നയിച്ചുകൊണ്ട് കാര്യങ്ങൾ ബോധിപ്പിക്കുവാൻ സർക്കാർ തയ്യാറായില്ല എന്നത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ് എന്നുകൂടി പൊതുസമൂഹത്തിനോട് സർക്കാർ വിശദീകരിക്കേണ്ടതുണ്ട് -നജ്ദ റൈഹാൻ പറഞ്ഞു.
നിയമസഭാ മാർച്ചിന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറി ആദിൽ അബ്ദുറഹീം, സംസ്ഥാന കമ്മിറ്റി അംഗം നൗഫ ഹാബി, ജില്ല സെക്രട്ടറിമാരായ അംജദ് റഹ്മാൻ, ഫായിസ്, മിർസ, ഷഹീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.