തിരുവനന്തപുരം: സ്പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്റായി നിയമിച്ച സ്വപ്ന സുരേഷിന് നൽകിയ ശമ്പളം തിരികെ നൽകാൻ സർക്കാർ പ്രൈസ് വാട്ടർ കൂപ്പേഴ്സിന് (പി.ഡബ്ല്യു.സി) കത്തെഴുതി. തുക തിരിച്ചടയ്ക്കാതെ, കൺസൾട്ടൻസി ഫീസായി പി.ഡബ്ല്യു.സിക്ക് നൽകാനുള്ള ഒരു കോടി രൂപ നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.
സ്പേസ് പാർക്കിൽ സ്വപ്നയുടെ ശമ്പളമായി 19,06,730 രൂപയാണ് പി.ഡബ്ല്യു.സിക്ക് അനുവദിച്ചത്. ഇതിൽ ജി.എസ്.ടി ഒഴിവാക്കിയ തുകയായ 16,15,873 രൂപ പി.ഡബ്ല്യു.സിയിൽനിന്ന് ഈടാക്കാൻ കെ.എസ്.ഐ.ടി.ഐ.എൽ എം.ഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. പി.ഡബ്ല്യു.സിയിൽനിന്ന് തുക ഈടാക്കാൻ കഴിയാതെ വന്നാൽ അന്നത്തെ ഐ.ടി സെക്രട്ടറിയും കെ.എസ്.ഐ.ടി.ഐ.എൽ ചെയർമാനുമായിരുന്ന ശിവശങ്കർ, അന്നത്തെ എം.ഡി സി. ജയശങ്കർ പ്രസാദ്, സ്പെഷൽ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരിൽനിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശിപാർശ ചെയ്തു.
ഈ മൂന്നുപേരുടെ ഭാഗത്തുനിന്നുണ്ടായ ബോധപൂർവമായ പ്രവൃത്തികൾ കാരണമാണ് ആവശ്യമായ യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിനെ ജൂനിയർ കൺസൾട്ടന്റായി നിയമിച്ചതെന്നായിരുന്നു ധനകാര്യപരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ. യു.എ.ഇ കോൺസൽ ജനറലിന്റെ സെക്രട്ടറിയായിരുന്ന സ്വപ്ന സുരേഷിനെ 2019 ആഗസ്റ്റിലാണ് സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള സ്പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്റായി നിയമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.