തിരുവനന്തപുരം: വിവിധ സന്ദർഭങ്ങളിലായി നൽകിയ ഉറപ്പുകളെ കാറ്റിൽപറത്തി കൊണ്ട് എൻഡോസൾഫാൻ ദുരിതബാധിതരോട് കേരള സർക്കാർ തുടരുന്ന വഞ്ചന അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ദുരിതജീവതം നയിക്കുന്ന ഇരകളെ വീണ്ടും തെരുവിൽ ഇറക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. മതിയായ ചികിത്സ ജില്ലയിൽ തന്നെ ഉറപ്പു വരുത്തുക, ദുരിതബാധിതരെ കണ്ടെത്തുന്നതിനായി പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പോലും അധികൃതർ നിഷേധിക്കുകയാണ്. 2017 - ലെ സുപ്രീം കോടതി വിധി പ്രകാരം 3717 പേർക്കു ലഭിക്കേണ്ട 5 ലക്ഷവും 1568 പേർക്ക് ലഭിക്കേണ്ട 2 ലക്ഷവും ഉടൻ നൽകാൻ സർക്കാർ തയ്യാറാകണം.
2019-ൽ മുഖ്യമന്ത്രിയുമായി നേരിട്ട് തീരുമാനത്തിലെത്തിയ കരാറുകളിൽ പോലും തികഞ്ഞ അലംഭാവമാണ് അധികൃതർ സ്വീകരിക്കുന്നത്. കോർപ്പറേറ്റുകളും സർക്കാറും ചേർന്ന് നടത്തുന്ന ഒത്തുകളിയുടെ ഭാഗമായാണ് പല പദ്ധതികളും അട്ടിമറിക്കപ്പെടുന്നത്. വിദഗ്ധ ചികിത്സ ആവശ്യമായ ദുരിതബാധിതര്‍ക്ക് പോലും കൊവിഡ് കാലത്ത് ആശുപത്രികളിലെത്താൻ സംവിധാനങ്ങളില്ല എന്നത് ഗുരുതരമായി കാണേണ്ടതാണ്. തെരഞ്ഞെടുപ്പ് സമയങ്ങളിൽ കൃത്യമായി വിതരണം ചെയ്തിരുന്ന പെൻഷൻ കഴിഞ്ഞ രണ്ടു മാസമായി സർക്കാർ നിഷേധിച്ചിരിക്കുകയാണ്. എൻഡോസൾഫാൻ ദുരിതബാധിതരോട് സർക്കാർ നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.