കോട്ടയം: സംസ്ഥാന സാക്ഷരത മിഷനിൽ അംഗീകൃത തസ്തികകൾ ഇല്ലെന്ന് സർക്കാർ. നിയമസഭയിൽ എം.എൽ.എമാരുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തസ്തികകൾ ഇല്ലെന്ന വസ്തുത മറച്ചുെവച്ചാണ് 83 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നതെന്നും ഇതോടെ വ്യക്തമായി.
സാക്ഷരത മിഷനിൽ അംഗീകൃത തസ്തികകൾ ഇല്ലെന്ന് വകുപ്പ് മന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ 2016 സെപ്റ്റംബർ മുതൽ ഇല്ലാത്ത തസ്തികകളിൽ അമിത വേതനം അനുവദിച്ച വകയിൽ ഖജനാവിൽനിന്ന് ചോർത്തിയ ഒമ്പതു കോടിയുടെ ബാധ്യത ധനവകുപ്പ് ഉദ്യോഗസ്ഥർക്കാകുമെന്നും ഇതുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
സ്റ്റേറ്റ് സബോർഡിനേറ്റ് സർവിസ് ചട്ടം സാക്ഷരത മിഷന് ബാധകമല്ലെന്നാണ് മന്ത്രിയുടെ മറുപടി. സർവിസ് ചട്ടം ബാധകം അല്ലാത്തതുകൊണ്ടുതന്നെ സാക്ഷരത മിഷനിലെ 117 തസ്തികകളിൽ ഒന്നും തന്നെ അംഗീകൃതം അല്ലെന്ന് വ്യക്തമായി. തസ്തിക നിർണയം നടത്താത്ത 14 ജില്ല പ്രോജക്ട് കോഓഡിനേറ്റർമാർ 36 അസി. േപ്രാജക്ട് കോഓഡിനേറ്റമാർ എന്നിങ്ങനെ 50 തസ്തികകളിൽ 2016 സെപ്റ്റംബർ മുതൽ അമിത വേതനം അനുവദിച്ച ധനവകുപ്പ് നടപടി ഗുരുതര ക്രമക്കേടാണെന്ന ആക്ഷേപവും ശക്തമായി.
ജില്ല പ്രോജക്ട് കോഓഡിനേറ്റർമാർക്ക് 14,000 രൂപയിൽനിന്ന് 39500ഉം അസി.കോഓഡിനേറ്റർമാർക്ക് 11,500ൽനിന്ന് 32,300 രൂപയുമാണ് വേതനം വർധിപ്പിച്ചത്. ജില്ല പ്രോജക്ട് കോഓഡിനേറ്റർമാർക്ക് ഹയർ സെക്കൻഡറി സീനിയർ അധ്യാപകരുടെ ശമ്പള സ്കെയിൽ അനുവദിച്ചായിരുന്നു വർധന.
തസ്തിക നിർണയം നടക്കാത്തതും ശമ്പള സ്കെയിൽ ബാധകം അല്ലാത്തതുമായ സ്ഥാനക്കാർക്കാണ് ഇത്രയും കൂറ്റൻ വേതനം അനുവദിച്ചത്. വിഷയം വിവാദമായിട്ടും നടപടി തിരുത്താൻ തയാറാകാത്ത ധനവകുപ്പ് 2019 ജൂൺ മുതൽ ഈ സാങ്കൽപിക തസ്തികകളിൽ വീണ്ടും വേതനം വർധിപ്പിച്ച് നിയമവ്യവസ്ഥയെ വീണ്ടും വെല്ലുവിളിച്ചു.
താൽക്കാലിക-കരാർ ജീവനക്കാർക്ക് സർക്കാറിലെ അതേസ്ഥിരം തസ്തികയിലെ വേതനം മാത്രമേ അനുവദിക്കാവൂവെന്ന സുപ്രീംകോടതി ഉത്തരവും ഇവിടെ ലംഘിച്ചു. അതിനിടെ കഴിഞ്ഞ മന്ത്രിസഭ യോഗം മാറ്റിവെച്ച സാക്ഷരത മിഷനിലെ 10 വർഷം പൂർത്തിയാക്കിയ 82 പേരെ സ്ഥിരപ്പെടുത്താനുള്ള നടപടി അടുത്ത മന്ത്രിസഭ യോഗത്തിെൻറ പരിഗണനക്ക് വരുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.