തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ബോണസും ഉത്സവബത്തയും വർധിപ്പിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. ബോണസ് ലഭിക്കുന്നതിന് ശമ്പളപരിധി പുതുക്കിയ സ്കെയിലിൽ 22,000 രൂപയിൽനിന്ന് 24,000 രൂപയായും പഴയ സ്കെയിലിൽ 21,000 രൂപയിൽനിന്ന് 23,000 രൂപയായും വർധിപ്പിക്കും.
ബോണസ് ഇരുവിഭാഗത്തിൽപ്പെട്ടവർക്കും 3500 രൂപയിൽനിന്ന് 4000 രൂപയായി ഉയർത്തി. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്കുള്ള ഉത്സവബത്ത 2400 രൂപയിൽനിന്ന് 2750 രൂപയായി ഉയർത്തി. എല്ലാവിഭാഗത്തിൽപ്പെട്ട പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നൽകും. 1000 രൂപക്കും 1200 രൂപക്കുമിടയിൽ കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ചിരുന്ന സർക്കാർ, സർക്കാർ നിയന്ത്രണത്തിെല സ്ഥാപനങ്ങൾ, സൊസൈറ്റികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഈ വർഷം 100 രൂപ അധികം നൽകും. എക്സ്േഗ്രഷ്യ കുടുംബ പെൻഷൻകാർക്ക് 1000 രൂപ ഉത്സവബത്ത നൽകും. ഇതുവരെ ഈ വിഭാഗത്തിലുള്ളവർക്ക് ഉത്സവബത്ത അനുവദിച്ചിരുന്നില്ല.
സ്വാതന്ത്ര്യസമര പെൻഷൻ ഉയർത്തി
കേരള സ്വാതന്ത്ര്യസമരസേനാനി പെൻഷൻ, തുടർ പെൻഷൻ എന്നിവ 10,800 രൂപയിൽനിന്ന് 11,000 രൂപയായി വർധിപ്പിച്ചു. സ്വാതന്ത്ര്യസമര പെൻഷൻ, തുടർ പെൻഷൻ എന്നിവ ലഭിക്കുന്നവരുടെ ക്ഷാമബത്ത സംസ്ഥാന സർവിസ് പെൻഷൻകാരുടെ നിരക്കുകൾക്ക് തുല്യമായി പരിഷ്കരിക്കാനും തീരുമാനിച്ചു.
പ്രവാസിക്ഷേമ പെൻഷൻ വർധിപ്പിച്ചു
കേരള പ്രവാസിക്ഷേമ പെൻഷൻ ഏകീകൃതനിരക്കിൽ 2000 രൂപയായി വർധിപ്പിക്കാൻ തീരുമാനിച്ചു. ഇപ്പോൾ രണ്ടു നിരക്കിലാണ് പ്രവാസിക്ഷേമ ബോർഡ് മുഖേന നൽകുന്നത്. 300 രൂപ അംശാദായം അടയ്ക്കുന്നവർക്ക് 1000 രൂപയും 100 രൂപ അടയ്ക്കുന്നവർക്ക് 500 രൂപയുമാണ് നിലവിൽ പെൻഷൻ. ഇനിമുതൽ എല്ലാവർക്കും 2000 രൂപ ലഭിക്കും. കൂടാതെ, കൃഷിവകുപ്പിനു കീഴിെല സ്റ്റേറ്റ് ഫാമിങ് കോർപറേഷനിലെ സ്റ്റാഫ്, ഓഫിസർ വിഭാഗത്തിൽപ്പെട്ടവരുടെ ശമ്പളം പരിഷ്കരിക്കാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.