വിവാഹത്തിനും വിരുന്നിനുമെല്ലാം സർക്കാർ വാഹനം; ഉത്തരവുകൾക്ക് പുല്ലുവിലയിട്ട് ഉദ്യോഗസ്ഥർ

ശ്രീകണ്ഠപുരം: കർശന ഉത്തരവുണ്ടായിട്ടും സംസ്ഥാനത്താകെ സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം വ്യാപകം. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥാപന മേധാവികളും ജനപ്രതിനിധികളും സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതായാണ് കണ്ടെത്തൽ.

ഓഫിസുകളിൽ നിർത്തിയിടേണ്ട വണ്ടികൾ പലപ്പോഴും ഉദ്യോഗസ്ഥരുടെ വീടുകളിലാണുള്ളതെന്നും പരാതിയുണ്ട്. ധനകാര്യ പരിശോധന വിഭാഗമാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നത്. ധനകാര്യ പരിശോധന വിഭാഗം ഇറക്കിയ ഉത്തരവ് പ്രകാരമാണ് സർക്കാർ വാഹന ദുരുപയോഗം കർശനമായി തടഞ്ഞിട്ടുള്ളത്.

ഉദ്യോഗസ്ഥരെ താമസസ്ഥലത്തുനിന്ന് ഓഫിസിലേക്കും തിരികെ വീട്ടിലേക്കും എത്തിക്കുന്നതിന് സർക്കാർ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറി, സെക്രട്ടറിമാർ, പ്രധാന വകുപ്പ് തലവൻമാർ, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ എന്നിവർക്ക് ഇത് ബാധകമല്ല. സർക്കാർ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. ഷോപ്പിങ്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, സിനിമ തിയറ്റർ, മാർക്കറ്റ്, ആരാധനാലയം, വിവാഹം, കുട്ടികളെ സ്കൂളിൽ കൊണ്ടുവിടൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും ഉത്തരവിലുണ്ട്.

വണ്ടിയിൽ ലോഗ് ബുക്ക് സൂക്ഷിച്ച് അതിൽ യാത്രയുടെ തുടക്കവും അവസാനിച്ച സ്ഥലവും ദൂരവും ഇന്ധനം, അറ്റകുറ്റപ്പണി തുടങ്ങിയ വിവരങ്ങളുമെല്ലാം രേഖപ്പെടുത്തണം. നിയന്ത്രണാധികാരമില്ലാത്തവർ വണ്ടി ഉപയോഗിക്കുന്നുണ്ടെങ്കിൽ അനുമതിപത്രവും ലോഗ് പുസ്തകത്തിൽ ചേർക്കണം. വണ്ടിയുടെ മുന്നിലും പിന്നിലുമുള്ള ബോർഡ് മറച്ച് യാത്രചെയ്യരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, പലരും പാർട്ടി യോഗങ്ങൾക്കും പരിപാടികൾക്കും വിവാഹത്തിനും വിരുന്നിനുമെല്ലാം സർക്കാർ വാഹനമാണ് ഉപയോഗിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലടക്കം ഇത്തരം പരാതികൾ നേരത്തേ തന്നെ വ്യാപകമാണ്. വിവിധ ഓഫിസുകളിൽ മേലുദ്യോഗസ്ഥർ വണ്ടിയുമായി പോകുന്നതിനാൽ ഓഫിസുകളിലെ അത്യാവശ്യകാര്യങ്ങൾക്ക് പലപ്പോഴും വണ്ടി കിട്ടുന്നില്ലെന്നാണ് മറ്റ് ഉദ്യോഗസ്ഥരുടെ ആക്ഷേപം. ഉത്തരവ് കർശനമായി നടപ്പാക്കാനുള്ള ധനകാര്യ പരിശോധന വിഭാഗത്തിന്റെ ശ്രമത്തിനും ബ്രേക്ക് വീഴുമോയെന്ന സംശയമാണ് ബാക്കിയുള്ളത്.

Tags:    
News Summary - Government vehicles for all weddings and parties; Orders are paid for Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.