കാസർകോട്: പകരം ഭൂമിയെന്ന വ്യവസ്ഥ സർക്കാർ ലംഘിച്ചതിനെ തുടർന്ന് കാസർകോട് ടാറ്റ കോവിഡ് ആശുപത്രി സ്ഥാപിച്ച 4.12 ഏക്കർ തിരിച്ചുപിടിക്കാൻ വഖഫ് ബോർഡ് തീരുമാനം. ചട്ടഞ്ചാൽ മലബാർ ഇസ്ലാമിക് കോംപ്ലക്സ് അസോസിയേഷെൻറ ഉടമസ്ഥതയിലുള്ള ഭൂമിയാണ് കഴിഞ്ഞവർഷം ഏപ്രിലിൽ ടാറ്റ കോവിഡ് ആശുപത്രി നിർമിക്കാൻ സർക്കാറിന് കൈമാറിയത്.
റവന്യൂ ഉടമസ്ഥതയിലുള്ള ഇത്രയും ഭൂമി പകരമായി നൽകുമെന്ന കരാറിലായിരുന്നു കൈമാറ്റം. എന്നാൽ, കൈമാറ്റം നടന്ന് 60 കോടിയുടെ മൾട്ടി സ്പെഷാലിറ്റി കോവിഡ് ആശുപത്രി സ്ഥാപിച്ച് രണ്ടു വർഷത്തോളമായിട്ടും പകരം ഭൂമിയുടെ കാര്യത്തിൽ മാത്രം തീരുമാനമൊന്നുമില്ല. ഇതേ തുടർന്നാണ് സർക്കാറിൽനിന്ന് ഭൂമി തിരിച്ചുപിടിക്കാൻ വഖഫ് ബോർഡിെൻറ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ബി.എം. ജമാൽ കാസർകോട് കലക്ടർക്ക് കത്തയച്ചു.
ടാറ്റ ഗ്രൂപ് വാഗ്ദാനം ചെയ്ത കോവിഡ് ആശുപത്രി നിർമിക്കുന്നതിന് ഭൂമി തേടിയാണ് മലബാർ ഇസ്ലാമിക് കോംപ്ലക്സ് അസോസിയേഷനെ ജില്ല ഭരണകൂടം സമീപിച്ചത്. കോവിഡ് ഒന്നാം തരംഗവേളയിലെ അടിയന്തര സാഹചര്യം മുൻനിർത്തി അന്നത്തെ കലക്ടർ ഡോ. ഡി. സജിത് ബാബുവാണ് അപേക്ഷ നൽകിയത്. 2020 ഏപ്രിൽ 17ന് കലക്ടറും മലബാർ ഇസ്ലാമിക് കോംപ്ലക്സ് അസോസിയേഷൻ പ്രസിഡൻറുകൂടിയായ സമസ്ത കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും കലക്ടറുമായി കരാറുണ്ടാക്കി. ഏപ്രിൽ 23ന് വിഡിയോ കോൺഫറൻസ് വഴി നടന്ന വഖഫ് ബോർഡ് യോഗം കരാറിന് അനുമതിയും നൽകി.
കരാർവ്യവസ്ഥ തയാറാക്കിയ ദിവസം മുതൽ മൂന്നു മാസത്തിനകം ഭൂമി ലഭ്യമാക്കാമെന്നായിരുന്നു വ്യവസ്ഥ. കാലാവധി അവസാനിച്ചശേഷം കലക്ടറെ സമീപിച്ചപ്പോൾ ഉടൻ ശരിയാക്കാമെന്ന മറുപടിയാണ് മലബാർ ഇസ്ലാമിക് കോംപ്ലക്സ് അസോസിയേഷൻ ഭാരവാഹികൾക്ക് ലഭിച്ചത്. പിന്നീട് പലതവണ ബന്ധപ്പെട്ടപ്പോഴും ഇതുതന്നെയായി മറുപടി.
കലക്ടർ സ്ഥലംമാറിപ്പോകുന്നതിന് ദിവസങ്ങൾക്കുമുമ്പ് റവന്യൂ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് മൂന്നു ദിവസത്തിനകം ഭൂമി ലഭ്യമാക്കാമെന്ന് തീരുമാനിച്ചെങ്കിലും അതും നടപ്പായില്ല. ഇതോടെ, സർക്കാർ നിലപാടിനെതിരെ നടപടി ആവശ്യപ്പെട്ട് സെപ്റ്റംബർ ഏഴിന് മലബാർ ഇസ്ലാമിക് കോംപ്ലക്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വഖഫ് ബോർഡിനെ സമീപിച്ചു. ഡിസംബർ ഏഴിന് ചേർന്ന വഖഫ് ബോർഡ് യോഗത്തിൽ, പകരം ഭൂമി ലഭ്യമാക്കാത്തതിനാൽ വഖഫ് സ്ഥലം തിരിച്ചുപിടിക്കാൻ തീരുമാനിച്ചു.
വഖഫ് ഭൂമിയിൽ സ്ഥാപിച്ച കോവിഡ് ആശുപത്രി 2020 സെപ്റ്റംബര്‍ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.