തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ സമരാഭാസത്തിനു മുന്നിൽ എൽ.ഡി.എഫ് സർക്കാർ കീഴടങ്ങില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ കലാപാന്തരീക്ഷവും അരാജകത്വവും സൃഷ്ടിക്കാനുള്ള നീക്കം ജനങ്ങൾ തടയുകതന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. 'മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ഗൂഢാലോചനക്കെതിരെ കേരളം' മുദ്രാവാക്യത്തിൽ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന ബഹുജന റാലികൾക്ക് തുടക്കംകുറിച്ചുള്ള ആദ്യ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫും ബി.ജെ.പിയും തീക്കളി അവസാനിപ്പിക്കണം. അല്ലെങ്കിൽ ജനങ്ങൾ പാഠം പഠിപ്പിക്കും. ക്ഷേമപെൻഷൻ വർധിപ്പിച്ച, അതിദരിദ്രരെ ദാരിദ്ര്യരേഖക്ക് മുകളിലേക്ക് ഉയർത്താൻ ശ്രമിക്കുന്ന, വികസന പദ്ധതികൾ നടപ്പാക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
കേരളത്തിലെ എല്ലാ വികസന പദ്ധതികളും സമരകോലാഹലം സൃഷ്ടിച്ച് അട്ടിമറിക്കാനാണ് ശ്രമം. വിമാനത്തിൽ പോലും അദ്ദേഹത്തെ യാത്രചെയ്യാൻ അനുവദിക്കാത്തതിനാലാണ് സുരക്ഷ വർധിപ്പിച്ചത്. എന്നാൽ, പൊലീസ് സംരക്ഷണം വേണ്ടെന്ന് വെച്ച് സമരകോലാഹലം തീരുംവരെ സി.പി.എം മുഖ്യമന്ത്രിയുടെ സംരക്ഷണം ഏറ്റെടുത്താൽ ഒറ്റയാൾക്ക് പോലും അടുക്കാൻ കഴിയില്ല.
മുഖ്യമന്ത്രിക്കെതിരെ വലിച്ചെറിയുന്ന കരിങ്കല്ലുകൾ ഏറ്റുവാങ്ങി തിരിച്ചെറിയാൻ കെൽപ്പുള്ള ജനമാണ് കേരളത്തിലേത്. ഇടതുമുന്നണിക്ക് നിയമസഭയിൽ ഭൂരിപക്ഷവും ജനപിന്തുണയും ഉള്ള കാലത്തോളം എൽ.ഡി.എഫ് കേരളം ഭരിക്കുകതന്നെ ചെയ്യും. സ്വർണക്കടത്ത് കേസിൽ സ്വർണം അയച്ചവരെ കണ്ടുപിടിക്കുകയോ ഏറ്റുവാങ്ങിയവരെ പിടികൂടുകയോ ചെയ്തിട്ടില്ല. സ്വപ്ന സുരേഷ് ആർ.എസ്.എസിന്‍റെ കൈയിൽ കിടന്ന് കളിക്കുകയാണ്.
സ്വർണക്കടത്ത് സംബന്ധിച്ച പ്രചാരണത്തിൽ വസ്തുത കണ്ടുപിടിക്കുന്നതിൽ ആരും എതിരല്ല. പക്ഷേ, മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പൊതുജനമധ്യത്തിൽ തകർക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചമർത്താനല്ല, ജനങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷ സമരത്തിന് എതിരായ വികാരം ഉയർത്തിക്കൊണ്ടുവരാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.