സാമ്പത്തിക പ്രതിസന്ധിയിലും സർക്കാർ ജനങ്ങൾക്കൊപ്പം തന്നെ നിൽക്കും -എം.വി. ഗോവിന്ദൻ

ആലപ്പുഴ: കേന്ദ്രം കേരളത്തിനുമേൽ അടിച്ചേൽപിക്കുന്ന സാമ്പത്തിക ഉപരോധത്തിന്‌ മാധ്യമങ്ങൾ പിന്തുണ നൽകുകയാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കണ്ണാർകാട്ടെ പി. കൃഷ്‌ണ‌‌പിള്ള സ്‌മാരകത്തിലും വലിയചുടുകാട്ടിലും അനുസ്‌മരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തികപ്രതിസന്ധിയുടെ ഘട്ടത്തിലും ജനങ്ങൾക്കൊപ്പം തന്നെ സംസ്ഥാന സർക്കാർ നിൽക്കും. നടപ്പാക്കുമെന്നു പറഞ്ഞ എല്ലാ പദ്ധതിയും നടപ്പാക്കുക തന്നെ ചെയ്യും. അവസാനവിധി ജനങ്ങളുടേതാണ്‌. ഇനിയും അവരുടെ വിധി സംസ്ഥാന സർക്കാരിന്‌ അനുകൂലമാകും -അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമ്പോൾ വർഗീയ ധ്രുവീകരണമുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിച്ച്‌ മുതലെടുക്കാനാണ്‌ ആർ.എസ്‌.എസ്‌ ശ്രമിക്കുന്നത്‌. എവിടെയും മണിപ്പൂർ ആവർത്തിക്കാവുന്ന സ്ഥിതിയാണ്‌. ഇതിനെ പ്രതിരോധിക്കുന്ന ഏക സ്ഥലം കേരളമാണ്‌.

രണ്ടരവർഷം മുമ്പ്‌ നിയമസഭ തെരഞ്ഞെടുപ്പിൽ പറഞ്ഞ ആരോപണങ്ങൾ ആവർത്തിക്കുകയാണ്‌ പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കെതിരെ നിരന്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നു

പേരിന്റെ വലതുഭാഗത്തെഴുതുന്ന ഏതാനും അക്ഷരങ്ങളല്ല ഒരാളെ നേതാവാക്കുന്നത്‌. ഒരാൾ മറ്റ്‌ മനുഷ്യരിൽ ഉത്‌പാദിപ്പിക്കുന്ന അവബോധമാണ്‌ നേതാവിനെ സൃഷ്‌ടിക്കുന്നത്‌. അത്തരത്തിൽ ജനങ്ങളെ തന്നിലേക്ക്‌ കാന്തം പോലെ ആകർഷിക്കാനുള്ള ശേഷി പി കൃഷ്‌ണ‌പിള്ളയ്‌ക്കുണ്ടായിരുന്നു. കമ്യൂണിസ്‌റ്റു വിപ്ലവബോധവും മാനവികതയും മനുഷ്യസ്‌നേഹവുമെല്ലാം ഒത്തിണങ്ങിയ സഖാവ്‌. കൃഷ്‌ണപിള്ളയുടെ ചരിത്രം പാഠപുസ്‌തകംപോലെ പഠിക്കാനും ജീവിതത്തിൽ പകർത്താനും എല്ലാവർക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു

Tags:    
News Summary - Government will stand with people even in financial crisis - M.V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.