കോട്ടയം: കേന്ദ്ര നടപടികൾക്കൊപ്പം സാമ്പത്തിക പ്രതിസന്ധി കൂടിയായതോടെ കിഫ്ബി ഫണ്ട് വിനിയോഗത്തിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. പ്രഖ്യാപിച്ചതിനെക്കാൾ 30,000 കോടി രൂപയിലേറെ തുകക്കുള്ള പദ്ധതികൾ ഏറ്റെടുത്തത് മൂലമുള്ള പ്രതിസന്ധി ഉൾപ്പെടെ തരണം ചെയ്യാനാണ് ഈ നീക്കം. ബജറ്റ് പ്രഖ്യാപനത്തിൽ കിഫ്ബിയിൽ കാര്യമായ പ്രതീക്ഷയൊന്നും വേണ്ടെന്നിരിക്കെ അനുമതി നൽകിയ പദ്ധതികൾക്കുള്ള ധനസമാഹരണവും പ്രതിസന്ധിയിലാണ്. കിഫ്ബി പദ്ധതികളിൽ കേന്ദ്രസർക്കാറിന്റെ കടുത്ത നിയന്ത്രണങ്ങളും വായ്പയെടുക്കാനുള്ള അനുമതി നൽകാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്.
പുതിയ പദ്ധതികൾ ഏറ്റെടുക്കുക, പണം അനുവദിക്കുക ഉൾപ്പെടെ കാര്യങ്ങളിലാണ് നിയന്ത്രണം. 82,342 കോടി രൂപയുടെ 1073 പദ്ധതിക്കാണ് കിഫ്ബി ഇതുവരെ അനുമതി നൽകിയത്. എന്നാൽ, ഈ പദ്ധതികൾക്ക് അനുവദിച്ച തുകയാകട്ടെ 27,050.85 കോടി മാത്രമാണ്. അതിനാൽ ഈ പദ്ധതികൾക്കായി ശേഷിക്കുന്ന 55,000 ത്തിലധികം കോടിയുടെ വിഭവസമാഹരണം നടത്തേണ്ട സാഹചര്യമാണുള്ളത്.
വായ്പാപരിധി വെട്ടിക്കുറക്കുകയും കടുത്ത പ്രതിസന്ധിയിലേക്ക് സാമ്പത്തിക അവസ്ഥ കൂപ്പുകുത്തിയിട്ടും മതിയായ സഹായം നൽകാതെയുമുള്ള കേന്ദ്രസർക്കാർ നയങ്ങളും ഇവിടത്തെ ധൂർത്തും എല്ലാംകൂടി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ രൂക്ഷമാക്കിയ സാഹചര്യമാണുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബിയും സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനിയും സമാഹരിക്കുന്ന തുക സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ ഉൾപ്പെടുത്തിയെന്ന് മാത്രമല്ല അതിന് കേന്ദ്രം മുൻകാല പ്രാബല്യംകൂടി ഏര്‍പ്പെടുത്തിയതോടെ സമ്പദ്വ്യവസ്ഥ നിലയില്ലാക്കയത്തിലായെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഇക്കാര്യങ്ങൾ വിശദീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിൽ നിയന്ത്രണം ഏര്‍പ്പെടുത്താൻ ഉദ്ദേശിക്കുന്നത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകൾക്കുകീഴിൽ 62,342 കോടിയുടെ 1066 പദ്ധതിക്കാണ് കിഫ്ബി വഴി അനുമതി നൽകിയിട്ടുള്ളത്. ദേശീയപാത അതോറിറ്റിക്ക് കൈമാറിയ 5580.74 കോടി ഉൾപ്പെടെ 22,877 കോടിയുടെ ഏഴ് ഭൂമി ഏറ്റെടുക്കൽ പദ്ധതികൾക്കും അനുമതി നൽകിക്കഴിഞ്ഞു. എന്നാൽ, ഈ പദ്ധതികൾക്കായുള്ള വിഭവസമാഹരണം വെല്ലുവിളിയായി മുന്നിലുണ്ട്.
ദേശീയ അന്തര്‍ദേശീയ വിപണിയിൽനിന്നുൾപ്പെടെ കിഫ്ബി ഇതുവരെ സമാഹരിച്ചത് 23,670.28 കോടിയാണ്. മോട്ടോർ വാഹന നികുതിയിനത്തിൽ 11,021.64 കോടിയും പെട്രോളിയം സെസ് ഇനത്തിൽ 3,753.07 കോടിയും കിഫ്ബിയിലേക്ക് ഇതിനകം എത്തിയതായാണ് കണക്കുകൾ.
എന്നാൽ, ബാക്കി തുക എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിൽ വ്യക്തതയുമില്ല. കേന്ദ്രസർക്കാർ നിരന്തരം പ്രതികാര നടപടികൾ കൈക്കൊള്ളുന്നതോടെ ധനകാര്യ സ്ഥാപനങ്ങൾ വായ്പ നിഷേധിക്കുന്നതും കിഫ്ബിക്ക് പ്രതിസന്ധിയായുണ്ട്. കിഫ്ബി വഴി ആരംഭിച്ച പല പദ്ധതികളിലും അഴിമതി ആരോപണങ്ങൾ ഉയർന്നതും പല പദ്ധതികളും മെല്ലെപ്പോകുന്നതും തിരിച്ചടിയായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.