സർക്കാർ വാർഷികാഘോഷം വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങളെ അപഹസിക്കുന്നതിന് തുല്യം -കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വിലക്കയറ്റം കൊണ്ട് സംസ്ഥാനത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുമ്പോൾ സർക്കാർ വാർഷികാഘോഷം നടത്തി കോടികൾ പൊടിക്കുന്നത് ജനങ്ങളെ അപഹസിക്കുന്നതിന് തുല്യമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് 15 രൂപയുടെ വ്യത്യാസമാണ് ഇന്നു മുതൽ ഇന്ധനവിലയുടെ കാര്യത്തിൽ കേരളത്തിലുണ്ടാകുന്നത്. ഇന്ധന നികുതി വർദ്ധനവ് പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാനത്ത് ജീവിക്കാൻ സാധിക്കാത്ത സാഹചര്യം സംജാതമായിരിക്കുകയാണ്. ശ്രീലങ്കയുടേയും പാകിസ്താന്റെയും അവസ്ഥയിലേക്കാണ് കേരളവും പോവുന്നത്. വരുംദിവസങ്ങളിൽ ജന ജീവിതം കൂടുതൽ ദുസഹമാവും. അപ്പോഴാണ് 50 കോടി രൂപ പൊതുഖജനാവിൽ നിന്നും എടുത്ത് സർക്കാർ വാർഷികാഘോഷം നടത്തുന്നത്. പിണറായി വിജയൻ സർക്കാരിന്റെ വാർഷികം മലയാളികളെ സംബന്ധിച്ചിടത്തോളം മറക്കാനാഗ്രഹിക്കുന്ന ദുരന്ത ദിവസമാണ്. സർക്കാരിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കാനുള്ള ജില്ലാതല എക്സിബിഷന് മാത്രം നാലര കോടിയോളം തുകയാണ് ചിലവഴിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും സാമ്പത്തിക തകർച്ചയുമല്ലാതെ എന്ത് നേട്ടമാണ് ഈ സർക്കാരിന് അവകാശപ്പെടാനുള്ളതെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു.

ജനങ്ങളുടെ മേൽ വലിയ നികുതി ഭാരം അടിച്ചേൽപ്പിക്കുന്ന പിണറായി വിജയൻ വൻകിടക്കാരുടെ നികുതി പിരിക്കാൻ ശ്രമിക്കുന്നില്ല. കോടിക്കണക്കിന് രൂപയുടെ നികുതിയാണ് സർക്കാരിന്റെ അനാസ്ഥ മൂലം ഖജനാവിലെത്താത്തത്. സർക്കാർ എല്ലാ ക്ഷേമപ്രവർത്തനങ്ങളും നിർത്തിവെച്ചിരിക്കുകയാണ്. കടം വാങ്ങി കടം വാങ്ങി ശമ്പളവും പെൻഷനും കൊടുക്കുകയല്ലാതെ കേരളത്തിലെ സാമ്പത്തിക സ്ഥിതിയെ പറ്റി ധവളപത്രമിറക്കാൻ ധന മന്ത്രി തയ്യാറാവണം. കെ.എസ്.ആർ.ടി.സി ശമ്പളം നൽകാത്തതിനെതിരെ ജനാധിപത്യരീതിയിൽ പ്രതിഷേധിച്ച ജീവനക്കാരിയെ സ്ഥലം മാറ്റിയ സർക്കാർ നടപടി പ്രതിഷേധാർഹമാണ്. ശമ്പളം ചോദിക്കുമ്പോൾ പകവീട്ടുന്നത് ജനാധിപത്യവിരുദ്ധമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 

Tags:    
News Summary - Government's anniversary celebration is equal to mocking the people who have struggled due to price rise - K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.