ചങ്ങനാശ്ശേരി: മന്നം ജയന്തി ആഘോഷങ്ങൾക്ക് പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് പ്രൗഢോജ്വല തുടക്കം. മന്നം സമാധിയിൽ പ്രഭാതഭേരി, പുഷ്പാർച്ചന എന്നിവയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. തുടർന്ന് ആയിരക്കണക്കിന് സമുദായ പ്രതിനിധികൾ പങ്കെടുത്ത അഖില കേരള നായർ പ്രതിനിധി സമ്മേളനം നടന്നു. മന്നത്ത് പത്മനാഭന്റെ ഛായാചിത്രത്തിൽ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും ചട്ടമ്പിസ്വാമിയുടെ ചിത്രത്തിന് മുന്നിൽ പ്രസിഡന്റ് ഡോ. എം. ശശികുമാറും ഭദ്രദീപം തെളിച്ചശേഷമാണ് സമ്മേളനം ആരംഭിച്ചത്.
വോട്ടുബാങ്ക് ലക്ഷ്യമിട്ട് മുന്നാക്ക വിഭാഗങ്ങളെ അവഗണിച്ച് പിന്നാക്ക വിഭാഗങ്ങളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര- സംസ്ഥാന സർക്കാറുകൾ തുടരുന്നതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. 148ാമത് മന്നം ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നായർ ഉൾപ്പെടുന്ന മുന്നാക്ക സമുദായത്തിൽപെട്ടവർക്ക് ഒരു ആശ്രയവും ഇല്ല. രാഷ്ട്രീയക്കാർക്ക് വേണ്ടത് വോട്ടാണ്. പിന്നാക്കക്കാരെയും പട്ടികജാതി-വർഗ വിഭാഗക്കാരെയും സ്വാധീനിച്ച് സഹായങ്ങൾ ചെയ്യുന്നു. അതിന് അനുകൂലമായ ഉത്തരവും തീരുമാനവും എടുക്കുന്നു. അവിടെയെല്ലാം മുന്നാക്ക വിഭാഗത്തെ അവഗണിക്കുകയാണ്.
മുന്നാക്കക്കാരെ സഹായിക്കാൻ കേന്ദ്രത്തിൽനിന്ന് ഒന്നും ലഭിക്കുന്നില്ല. അതേസമയം, കോടിക്കണക്കിന് രൂപ മറ്റ് വിഭാഗങ്ങൾക്ക് നൽകുന്നു. മുന്നാക്കം എന്ന് പറയുന്നത് അവർക്ക് അറപ്പാണ്. അതിനെതിരെ പൊരുതണമെങ്കിൽ നായർ സമുദായം ശക്തിയാർജിക്കണം. അതിന് ക്ഷേത്രങ്ങളിൽ പോയി കുളിച്ച് തൊഴുതിട്ടു മാത്രം കാര്യമില്ല. സമുദായത്തിനുവേണ്ടി പ്രവർത്തിക്കണം. സർക്കാറുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള അവകാശം മത-സമുദായ സംഘടനകൾക്കും ഉണ്ട്. സർക്കാരുകളുടെ തെറ്റായ നയങ്ങളെ എതിർക്കുന്നതും നല്ല കാര്യങ്ങളോട് സഹകരിക്കുന്നതും എൻ.എസ്.എസിന്റെ പൊതുനയമാണ്. ഇനിയും അത് തുടരും- അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തരപ്രശ്നങ്ങളിൽ എൻ.എസ്.എസ് ഇടപെടില്ലെന്നും തിരിച്ച് ഇടപെടാൻ അനുവദിക്കില്ല. രാഷ്ട്രീയപാർട്ടികളോട് സമദൂരനിലപാട് തുടരും. സാമൂഹികനന്മ, സാമൂഹികനീതി, മതേതരത്വം, ജനാധിപത്യം എന്നിവ സംരക്ഷിക്കാൻ ആവശ്യമായ നിലപാടാണ് ഉള്ളതെന്നും ജി.സുകുമാരൻ നായർ പറഞ്ഞു.
മന്നം ജയന്തി സമ്മേളനം വ്യാഴാഴ്ച രാവിലെ 11ന് മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.ഫ്രാൻസിസ് ജോർജ് എം.പി അനുസ്മരണ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.