തിരുവനന്തപുരം: വീടില്ലാത്തവർക്ക് ലൈഫ് മിഷൻ പദ്ധതിയിൽ വീടുകൾ ലഭ്യമാക്കിയ നടപടി സംസ്ഥാന സർക്കാറിെൻറ കരുതലാണ് വെളിവാക്കുന്നെതന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. പി.എം.എ.വൈ ലൈഫ് പദ്ധതിയിലൂടെ രണ്ടരലക്ഷം വീടുകളാണ് നിർമിച്ചത്.
കേരളം വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതി നാളെയുടെ ഇന്ത്യയെ ശക്തിപ്പെടുത്തും വിധം സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഫലപ്രദമായി ശാക്തീകരിക്കുന്നതായി ഗവർണർ പറഞ്ഞു. സെൻട്രൽ സ്റ്റേഡിയത്ത് നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ചടങ്ങുകൾ.
മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിൽ കേരളം വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് മരണം ഏറ്റവും കുറഞ്ഞ നിരക്കിൽ നിലനിർത്താനും ലോകത്തിെൻറ തന്നെ അഭിനന്ദനം ഏറ്റുവാങ്ങാനും സാധിച്ചു.
കോവിഡിനെതിരായ രാജ്യത്തിെൻറ പേരാട്ടം വിജയത്തുമ്പത്താണ്. വികസിത സുശക്ത സ്വാശ്രയ ഭാരതം; സുന്ദര സ്വയംപര്യാപ്ത നവകേരളം എന്നതാകണം നമ്മുടെ ലക്ഷ്യം. ഇതിനായി ഒരുമയോടെ മുന്നേറാമെന്നും ഗവർണർ പറഞ്ഞു. ഗവർണർ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, ബിനോയ് വിശ്വം എം.പി, എം.എൽ.എമാരായ ഒ. രാജഗോപാൽ, വി.എസ്. ശിവകുമാർ, വി.കെ. പ്രശാന്ത്, എം. വിൻസെൻറ്, ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ്, മുഖ്യമന്ത്രിയുടെ ഭാര്യ കമല എന്നിവർ സംബന്ധിച്ചു.
സതേൺ എയർകമാൻഡ് സ്ക്വാഡ്രൺ ലീഡർ ബിക്രം സിൻഹയായിരുന്നു പരേഡ് കമാൻഡർ. ഗർവാർ റൈഫിൾസ് 13ാം ബറ്റാലിയനിലെ ലെഫ്റ്റനൻറ് ഹർകിരത് സിങ് റയാത് സെക്കൻഡ് ഇൻ കമാൻഡായി. കരസേന, വ്യോമസേന, കേന്ദ്ര റിസർവ് പൊലീസ്, സ്പെഷൽ ആംഡ് പൊലീസ്, തിരുവനന്തപുരം സിറ്റി പൊലീസ്, എൻ.സി.സി സീനിയർ ഡിവിഷൻ ആൺകുട്ടികൾ, സീനിയർ വിങ് പെൺകുട്ടികൾ എന്നിവയുടെ ഘടകങ്ങൾ അണിനിരന്നു. തിരുവനന്തപുരം സിറ്റി പൊലീസ്, കേരള ആംഡ് പൊലീസ് മൂന്നാം ബറ്റാലിയൻ എന്നിവയുടെ ബാൻഡുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.