തിരുവനന്തപുരം: കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. സംസ്ഥാന ലിസ്റ്റിലും സമവർത്തി (കൺകറന്റ്) ലിസ്റ്റിലും ഉൾപ്പെടുത്തിയ വിഷയങ്ങളിൽ സംസ്ഥാനവുമായി കൂടിയാലോചന നടത്താതെ കേന്ദ്രം നിയമനിർമാണം നടത്തുന്നുവെന്നും ഇത് സഹകരണ ഫെഡറലിസത്തിന്റെ അന്തഃസത്തക്ക് എതിരാണെന്നും തുടരാൻ പാടില്ലെന്നും നയപ്രഖ്യാപനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
കേന്ദ്ര വിമർശനമടങ്ങുന്ന ഭാഗവും ഗവർണർ നിയമസഭയിൽ വായിച്ചു. സംസ്ഥാനങ്ങൾക്ക് വിഭവങ്ങൾ നൽകുന്നതിൽ കേന്ദ്രനയത്തിലെ മാറ്റം സംസ്ഥാന സർക്കാറിനെ സാമ്പത്തിക ബുന്ധിമുട്ടിലേക്ക് തള്ളിവിടുന്നുവെന്ന് നയപ്രഖ്യാപനം പറയുന്നു. കോവിഡ് മൂലം വന്ന വരുമാനനഷ്ടത്തിന് പുറമെ കേന്ദ്രം നൽകുന്ന വിഹിതം ഗണ്യമായി കുറച്ചു.
കേന്ദ്ര ധനകാര്യ കമീഷനുകൾ സംസ്ഥാന വിഹിതം അനുവദിക്കുന്നതിൽ സ്ഥിരമായ കുറവ് വരുത്തി. 15ാം ധന കമീഷന്റെ ആദ്യ വർഷം തന്നെ 6500 കോടിയുടെ കുറവ് വന്നു. ജൂണിന് ശേഷം ജി.എസ്.ടി നഷ്ടപരിഹാരം ഇല്ലാതാകുമ്പോൾ 12000 കോടി രൂപ വരെ അധിക നഷ്ടം വരും. രാജ്യത്തെ സാമ്പത്തിക ദുരവസ്ഥയുടെ സാഹചര്യം കർഷക പ്രക്ഷോഭം തുറന്നുകാട്ടി. ഗ്രാമീണ കാർഷിക ദുരിതങ്ങൾ പരിഹരിക്കാൻ സമഗ്ര നയം കേന്ദ്രം കൊണ്ടുവരണം. ഭാവിയിലും രാജ്യത്തിനും ലോകത്തിനും വഴികാട്ടിയും പ്രചോദനവുമായി കേരളം തുടരുമെന്നും ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.