തിരുവനന്തപുരം: ശനിയാഴ്ച കാലാവധി പൂർത്തിയാകുന്ന എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസിന് പുനർനിയമനം നൽകണമെന്ന സർക്കാർ നിലപാടിനോട് ഗവർണർ വിയോജിച്ചു. പകരം താൽക്കാലിക വി.സി നിയമനത്തിന് മൂന്ന് സീനിയർ പ്രഫസർമാരുടെ പാനൽ സമർപ്പിക്കാൻ ഗവർണർ ആവശ്യപ്പെട്ടു. സാബു തോമസിനു തന്നെ വി.സിയായി പുനർനിയമനം നൽകണമെന്നായിരുന്നു പ്രോ-ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവർണർക്ക് നിർദേശം സമർപ്പിച്ചത്.
കണ്ണൂർ സർവകലാശാലയിലെ വി.സി പുനർനിയമനക്കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ വീണ്ടും മറ്റൊരു പുനർനിയമനം നടത്തുന്നതിൽ ഗവർണർക്ക് വിയോജിപ്പുള്ള സാഹചര്യത്തിലാണ് താൽക്കാലിക വി.സി നിയമനത്തിന് പാനൽ ആവശ്യപ്പെട്ടത്. കണ്ണൂർ സർവകലാശാല നിയമത്തിന് വ്യത്യസ്തമായി എം.ജിയിൽ സർവകലാശാല നിയമപ്രകാരം പ്രായപരിധി 65 വയസ്സായതിനാൽ സാബു തോമസിന് ഒരു ടേം കൂടി അനുവദിക്കുന്നതിൽ നിയമതടസ്സമില്ലെന്നാണ് സർക്കാറിന്റെ നിലപാട്.
പുതിയ സാഹചര്യത്തിൽ സർക്കാർ സമർപ്പിക്കുന്ന പാനലിൽനിന്ന് ഗവർണർ താൽക്കാലിക വി.സിയെ നിയമിക്കും. കുസാറ്റിലും സർക്കാർ നിർദേശിച്ചയാൾക്കാണ് താൽക്കാലിക വി.സിയുടെ ചുമതല നൽകിയത്. എം.ജി വി.സി സാബു തോമസ് അധിക ചുമതല വഹിക്കുന്ന മലയാളം സർവകലാശാലയിലും മറ്റൊരാൾക്ക് വി.സിയുടെ ചുമതല നൽകേണ്ടിവരും. നടപടിക്രമങ്ങളിലെ വീഴ്ച കാരണം സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം അസാധുവാക്കിയ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗവർണർ പിരിച്ചുവിടാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ ഒമ്പത് വി.സിമാരിൽ സാബു തോമസും ഉൾപ്പെടുന്നുണ്ട്.
ഈ സാഹചര്യത്തിൽ സാബു തോമസിന്റെ നിയമന കാലാവധി നീട്ടുന്നത് തന്റെ മുൻ നിലപാടിന് വിരുദ്ധമാകുമെന്നും ഗവർണർ കരുതുന്നു. എം.ജി വിസി കൂടി വിരമിക്കുന്നതോടെ സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിൽ സ്ഥിരം വിസിമാർ ഇല്ലാതാകും. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന സർവകലാശാല നിയമ ഭേദഗതി ബില്ലിൽ ഒപ്പ് വെച്ചില്ലെങ്കിൽ, ഗവർണറുടെ കാലാവധി പൂർത്തിയാകുന്നതുവരെ താൽക്കാലിക വി.സിമാർ തുടർന്നാൽ മതി എന്ന നിലപാടിലാണ് സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.