തിരുവനന്തപുരം: ഗവർണറെയും കേന്ദ്ര സർക്കാറിനെയും കുറ്റപ്പെടുത്താത്തതിൽ പരസ്പരം പഴിചാരി ഭരണ-പ്രതിപക്ഷാംഗങ്ങൾ. നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത അംഗങ്ങളാണ് പരസ്പരം കുറ്റപ്പെടുത്തിയത്. നയപ്രഖ്യാപന പ്രസംഗം നടത്തില്ലെന്ന വാശിയിൽ സർക്കാറിനെ അവസാനനിമിഷം വരെ സമ്മർദത്തിലാക്കിയ ഗവർണറെക്കുറിച്ച് ഒരുവരി പോലും ഭരണപക്ഷാംഗങ്ങൾ പറഞ്ഞില്ലെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ കേരളത്തെ തകർക്കുന്ന നയം തുടരുന്ന കേന്ദ്ര സർക്കാറിനെതിരെ ഒരു പരാമർശം പോലും പ്രതിപക്ഷാംഗങ്ങൾ നടത്താത്തതിൽ ഭരണപക്ഷാംഗങ്ങളും നീരസം മറിച്ചുവെച്ചില്ല.
നയപ്രഖ്യാപനം നടത്താൻ ഗവർണറെ കൊണ്ടുവരാൻ മുഖ്യമന്ത്രി നാണംകെട്ട നടപടിയാണ് സ്വീകരിച്ചതെന്ന് എൻ. ഷംസുദ്ദീൻ ആരോപിച്ചു. നയപ്രഖ്യാപനം വായിക്കാൻ ഗവർണർ തയാറായില്ലെങ്കിൽ അദ്ദേഹത്തെ മാറ്റാനുൾപ്പെടെ സംവിധാനമുള്ളപ്പോഴാണ് നാണംകെട്ട നടപടിയുണ്ടായത്. സി.പി.എമ്മും ബി.ജെ.പിയുമായുള്ള അന്തർധാര പ്രകാരമാണ് മുഖ്യമന്ത്രിക്ക് കീഴടങ്ങേണ്ടിവന്നത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രിയും ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ രണ്ട് ഒപ്പിടലുകളാണ് നടന്നത്. കേരളത്തിന് കിട്ടേണ്ട പദ്ധതികൾ കേന്ദ്ര സർക്കാർ വെട്ടിയിട്ടും പ്രതിപക്ഷം അതിൽ സന്തോഷിക്കുകയാണെന്ന് പി.വി. അൻവർ ആരോപിച്ചു.
കെ-റെയിൽ പദ്ധതി തടയാനാണ് പ്രതിപക്ഷാംഗങ്ങൾ കേന്ദ്ര സർക്കാറിനെ സമീപിച്ചത്. എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാൽ ആർ.എസ്.എസ് പ്രതിനിധിയാണെന്നും കോൺഗ്രസിനെ തകർക്കാൻ ചട്ടുകമായി പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും അൻവർ ആരോപിച്ചു. ഇതിനെതിരെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ഗവർണറെ വിമർശിക്കാൻ ഭരണപക്ഷാംഗങ്ങൾ തയാറായില്ലെന്നും കെ-റെയിൽ പദ്ധതി അധിക ബാധ്യതയുണ്ടാക്കുകയേയുള്ളൂവെന്നും മഞ്ഞളാംകുഴി അലി ആരോപിച്ചു. ജനവിരുദ്ധ നയങ്ങളിലൂടെ കേന്ദ്രം ശ്വാസം മുട്ടിക്കുമ്പോൾ ആഹ്ലാദം കൊള്ളുകയാണ് പ്രതിപക്ഷമെന്ന് ചീഫ് വിപ് ഡോ. എൻ. ജയരാജ് വിമർശിച്ചു. കേരളത്തെ സാമ്പത്തികമായി ഞെരുക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ ജനങ്ങളെ ഇളക്കിവിട്ട് വികസന പദ്ധതികൾക്ക് തുരങ്കംവെക്കാനാണ് പ്രതിപക്ഷം ശ്രമമെന്ന് നന്ദിപ്രമേയം അതരിപ്പിച്ച ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ, അനൂപ് ജേക്കബ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി. സിദ്ദിഖ്, കാനത്തിൽ ജമീല, ഇ. ചന്ദ്രശേഖരൻ, ഒ.ആർ. കേളു, തോമസ് കെ. തോമസ്, എ. പ്രഭാകരൻ, വി.ആർ. സുനിൽകുമാർ, എ.എൻ. ഷംസീർ എന്നിവരും നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.