തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസർ നിയമനത്തിനുള്ള പട്ടികയിൽ ഒന്നാം റാങ്ക് നൽകിയ സിൻഡിക്കേറ്റ് നടപടി ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്തു. സിൻഡിക്കേറ്റ് തീരുമാനത്തിലുള്ള മുഴുവൻ തുടർനടപടികൾക്കും സ്റ്റേ ബാധകമാണ്.
വിഷയത്തിൽ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഉൾപ്പെടെ മുഴുവൻ ബന്ധപ്പെട്ട കക്ഷികൾക്കും ഗവർണർ വെവ്വേറെ കാരണം കാണിക്കൽ നോട്ടീസും അയച്ചു. കണ്ണൂർ സർവകലാശാല നിയമത്തിലെ സെക്ഷൻ 7(3) പ്രകാരം ചാൻസലറായ ഗവർണർക്കുള്ള അധികാരം ഉപയോഗിച്ചാണ് നടപടി.
അസോസിയേറ്റ് പ്രഫസർ നിയമനത്തിന് എട്ട് വർഷത്തെ അധ്യാപന പരിചയം വേണമെന്നത് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രിയ വർഗീസിനെ നിയമിക്കാൻ സർവകലാശാല റാങ്ക് പട്ടിക തയാറാക്കിയത്. നിയമനത്തിൽ പ്രഥമദൃഷ്ട്യാ നിയമലംഘനവും സ്വജനപക്ഷപാതവും നടന്നെന്ന് കഴിഞ്ഞദിവസം ഗവർണർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ, പ്രിയ വർഗീസിന് രണ്ട് ദിവസത്തിനകം നിയമനോത്തരവ് നൽകുമെന്നും തനിക്കെതിരെ നടപടിയുണ്ടെങ്കിൽ ഔദ്യോഗികമായി പ്രഖ്യാപിക്കട്ടെയെന്നും ബുധനാഴ്ച കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിയമന നടപടികൾ ഒന്നടങ്കം തടഞ്ഞ് ഗവർണറുടെ ഉത്തരവ്.
വി.സിയുടെ പ്രസ്താവനയിൽ പ്രതികരണം തേടിയപ്പോൾ എന്തുനടപടിയാണ് സ്വീകരിക്കാൻ പോകുന്നതെന്ന് അരമണിക്കൂർ കാത്തിരുന്ന് കാണൂ എന്നായിരുന്നു ഗവർണറുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഗവർണറുടെ നടപടി ഉത്തരവായി ഇറങ്ങിയത്. എട്ട് വർഷം അധ്യാപന പരിചയം ആവശ്യമുള്ള തസ്തികയിലേക്ക് തൃശൂർ കേരളവർമ കോളജിൽ മലയാളം അസി. പ്രഫസറായ പ്രിയ വർഗീസിന് മൂന്നുവർഷത്തെ പരിചയം മാത്രമേയുള്ളൂവെന്നാണ് പ്രധാന പരാതി.
എന്നാൽ, ഗവേഷണത്തിന് പോയ മൂന്ന് വർഷവും കണ്ണൂർ സർവകലാശാലയിലെ അനധ്യാപക തസ്തികയായ സ്റ്റുഡന്‍റ്സ് സർവിസസ് ഡയറക്ടർ തസ്തികയിലെ രണ്ടുവർഷവും മൂന്ന് വർഷത്തെ കരാർ നിയമന കാലയളവും ചേർത്താണ് പ്രിയ വർഗീസിന് എട്ട് വർഷത്തെ യോഗ്യതയായി പരിഗണിച്ചത്. ഗവേഷണ കാലയളവ് അധ്യാപന പരിചയമായി പരിഗണിക്കാനാകില്ലെന്ന യു.ജി.സി ചട്ടം ലംഘിച്ചാണ് പ്രിയ വർഗീസിനെ ഇന്‍റർവ്യൂവിന് ക്ഷണിച്ചതെന്നും വ്യക്തമായിരുന്നു.
14 വർഷത്തെ കോളജ് അധ്യാപന പരിചയവും 651 റിസർച്ച് സ്കോറുമുള്ള ജോസഫ് സ്കറിയയെ രണ്ടാം റാങ്കിലേക്കും 645 റിസർച്ച് സ്കോറുള്ള സി. ഗണേഷിനെ മൂന്നാം റാങ്കിലേക്കും പിന്തള്ളിയാണ് 156 സ്കോർ മാത്രമുള്ള പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.