രാജി ആവശ്യപ്പെടാൻ ഗവർണർ ആയുധമാക്കിയത് സാങ്കേതിക സര്‍വകലാശാല വി.സിയെ നീക്കിയ സുപ്രീംകോടതി വിധി

തിരുവനന്തപുരം: കേരളത്തിലെ ഒമ്പത് സർവകലാശാലകളിലെ വി.സിമാരോട് രാജി ആവശ്യപ്പെടാൻ ഗവർണർ ആയുധമാക്കിയത് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലർ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയെ. നിയമനം യു.ജി.സി ചട്ട പ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരത്തെ എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. എം.എസ്. രാജശ്രീയെ നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കിയത്.

ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുടെ നിയമനം റദ്ദാക്കി ഉത്തരവിട്ടത്. നിയമനം യു.ജി.സി ചട്ട പ്രകാരമല്ലെന്നും, വൈസ് ചാന്‍സലര്‍ നിയമനത്തിന് ചാന്‍സലര്‍ക്ക് പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രം കൈമാറിയത് ചട്ടവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

2013ലെ യു.ജി.സി ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ടാണ് നിയമനമെന്ന് ഹരജിക്കാരൻ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ 2015ലെ യു.ജി.സി ചട്ടങ്ങള്‍ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ അധികാരമുണ്ടെന്നായിരുന്നു രാജശ്രീയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വാദം. ഇത് കോടതി തള്ളി. സംസ്ഥാന നിയമവും കേന്ദ്രനിയമവും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ കേന്ദ്ര നിയമമാകും ബാധകമെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് യു.ജി.സി ചട്ടമാണ് ബാധകമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

സാങ്കേതിക സർവകലാശാലയ്ക്കു പുറമേ സംസ്ഥാനത്തെ മറ്റ് അഞ്ച് സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയമിച്ചതും പാനൽ ഇല്ലാതെയാണ്. കണ്ണൂർ, സംസ്കൃതം, ഫിഷറീസ്, എം.ജി, കേരള സർവകലാശാലാ വി.സി സ്ഥാനത്തേക്ക് ഒരു പേരു മാത്രമാണ് സേർച് കമ്മിറ്റി ശുപാ‍ർശ ചെയ്തിരുന്നത്. ഇവരി‍ൽ സംസ്കൃതം, ഫിഷറീസ് ഒഴികെയുള്ള വിസിമാരെ നിയമിച്ചതു മുൻ ഗവർണർ പി. സദാശിവം ആയിരുന്നു. നാല് പേരുടെ നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലെന്നും രാജ്ഭവന്‍ വിശദീകരിക്കുന്നു.

കേരള സർവകലാശാല, എം.ജി സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല, കണ്ണൂർ സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സർവകലാശാല എന്നിവിടങ്ങളിലെ വി.സിമാരോടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജി ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11.30നകം രാജിക്കത്ത് ലഭിക്കണമെന്നാണ് വി.സിമാർക്ക് നൽകിയിരിക്കുന്ന നിർദേശം. 

Tags:    
News Summary - Governor made supreme court verdict as a tool to demand vcs resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.