എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിയായ എസ്.എ.ടിയിൽ മൂന്ന് മണി​ക്കൂറോളം വൈദ്യുതി മുടങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ​ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രി ഇരുട്ടിലാകാൻ കാരണം വിവിധ വകുപ്പുകളുടെ ഗുരുതര അനാസ്ഥ മൂലമാണെന്നാണ് ആരോപണം. എന്നാൽ ആശുപത്രിയിലെ പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗത്തെയാണ് കെ.എസ്.ഇ.ബി പഴിക്കുന്നത്. കെ.എസ്.ബിക്കെതിരെയും ആശുപത്രി അധികൃതർ രംഗത്ത് വന്നിട്ടുണ്ട്.

എസ്.എ.ടി ലൈനിലും ട്രാൻസ്ഫോർമറിലും കെ.എസ്.ഇ.ബിയുടെ പതിവ് അറ്റകുറ്റപ്പണി വൈകീട്ട് മൂന്നരക്കാണ് തുടങ്ങിയത്. അഞ്ചരവരെ പണിയുണ്ടാകുമെന്ന് ആശുപത്രി അധികൃതരെ രേഖാമൂലം അറിയിച്ചുവെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. എന്നാൽ അഞ്ചരക്ക് പണി തീർന്ന് ലൈൻ ഓൺ ചെയ്തിട്ടും ആശുപത്രിയിൽ കറന്റ് വന്നില്ല.

ആശുപത്രിയിലെ വാക്വം സർക്യൂട്ട് ബ്രേക്കർ (വി.സി.ബി) തകരാറിലായതാണ് കാരണം. വീണ്ടും അഞ്ചര മുതൽ ഏഴരവരെ ജനറേറ്റർ പ്രവർത്തിച്ചു.രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ പുറത്ത്നിന്ന് ജനറേറ്റർ എത്തിച്ചാണ് ആശുപത്രിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചത്. എന്നാൽ വൈദ്യുതി പ്രതിസന്ധി ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്. അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്നത് ജനറേറ്ററിലാണ്. ഇന്ന് രാവിലെ 10 മണിയോടെയാണ് വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. 

Tags:    
News Summary - Health Minister has ordered an inquiry into the power outage at SAT Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.