പെരുമ്പിലാവ്: രാജ്യത്ത് ശക്തമായ വെറുപ്പ് കാമ്പയിൻ അതിജീവിക്കാൻ ഖുർആന്റെ വെളിച്ചം ജീവിതത്തിൽ പകർത്തണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ്റഹ്മാൻ. ഇസ്ലാംവിരുദ്ധ വികാരം ശക്തമായ സാഹചര്യത്തിൽ ഖുർആനെ സമൂഹത്തിലും ജീവിതത്തിലും ആവിഷ്കരിക്കണം. അതാണ് ഖുർആനോട് കാണിക്കുന്ന നീതിയെന്നും അദ്ദേഹം പറഞ്ഞു. ഖുർആൻ സ്റ്റഡി സെന്റർ പെരുമ്പിലാവ് അൻസാർ കാമ്പസിൽ സംഘടിപ്പിച്ച ആയാത്ത് ദർസേ ഖുർആന്റെ ‘ഖത്മുൽ ഖുർആൻ’ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജംഇയ്യത്തുൽ ഉലമാ ഹിന്ദ് കേരള ജനറൽ സെക്രട്ടറി വി.എച്ച്. അലിയാർ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. കാലം തേടുന്ന ഏറ്റവും വലിയ സന്ദേശമാണ് ഖുർആന്റേതെന്ന് അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി അബ്ദുൽ ഹകീം നദ്വി അധ്യക്ഷത വഹിച്ചു.
ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് ഹാഷിം ഹദ്ദാദ് തങ്ങൾ, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം വൈസ് പ്രസിഡന്റ് സി.വി. ജമീല, അധ്യാപകരായ മുസ്തഫ ഹുസൈൻ, ബഷീർ മുഹ്യിദ്ദീൻ, നാസർ അബ്ദുല്ല, ഇ.എം. അമീൻ എന്നിവർ സംസാരിച്ചു. ആയാത്ത് ദർസേ ഖുർആൻ പഠിതാക്കളായ ഡോ. സുബൈദ സഈദ്, ഡോ. ഹബീബ് റഹ്മാൻ, ഡോ. ഉണ്ണീൻ, പ്രഫ. സൗദാ ബീഗം, എൻജിനീയർ അബ്ദുറഹ്മാൻ, അമീൻ പള്ളിക്കര എന്നിവർ അനുഭവങ്ങൾ വിവരിച്ചു. മുൻ കേന്ദ്രമന്ത്രി പരേതനായ പി.എം. സഈദിന്റെ മകളും ഗൈനക്കോളജിസ്റ്റുമായ ഡോ. സുബൈദ സഈദിന്റെ സഹായത്തോടെ തയാറാക്കിയ ആയാത്ത് ദർസേ ഖുർആന്റെ വെബ്സൈറ്റ് ലോഞ്ചിങ് അലിയാർ ഖാസിമി നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേന്ദ്ര ശൂറാ അംഗം എം.ഐ. അബ്ദുൽ അസീസ് സമാപന പ്രഭാഷണം നിർവഹിച്ചു. ജില്ല പ്രസിഡന്റ് കെ.കെ. ഷാനവാസ് സ്വാഗതവും മാലിക് ഷഹ്ബാസ് നന്ദിയും പറഞ്ഞു. ഓൺലൈൻ ഖുർആൻ പഠിതാക്കളായ 7000ത്തിലധികം പേർ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.