നിറംമാറ്റത്തിൽ പ്രതിഷേധം രൂക്ഷമായി; പ്രൊഫൈൽ ചിത്രം തിരിച്ചെത്തിച്ച് ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: പ്രൊഫൈൽ ലോഗോയുടെ നിറം മാറ്റിയതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്നതോടെ പഴയ പ്രൊഫൈൽ ചിത്രം തിരിച്ചെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. മഞ്ഞയും നീലയും നിറത്തിലുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ കൊമ്പനാനയുടെ ചിത്രമാണ് അപ്‌ഡേറ്റ് ചെയ്തത്. ഇതിന് പകരം ഓറഞ്ച് പശ്ചാത്തലത്തിൽ വെള്ള നിറത്തിൽ കൊമ്പനാനയെ അവതരിപ്പിച്ചതാണ് ആരാധക രോഷത്തിനിടയാക്കിയത്. ഇതിനെ കാവിയായി ചിത്രീകരിച്ച്, ഇനിമുതൽ ബ്ലാസ്റ്റേഴ്‌സിന് സംഘം കാവലുണ്ടെന്നും ഇതിലും ചാണകം തെറിപ്പിച്ചോ എന്നും ഇതും കാവിവത്കരിച്ചോ എന്നുമുള്ള രീതികളിൽ പ്രതികരണം വ്യാപകമായിരുന്നു.

ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തിന് മുന്നോടിയായിട്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പുതിയ ലോഗോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ഇതിനെ ചൊല്ലി ആരാധകർ തമ്മിൽ പോര് രൂക്ഷമായിരുന്നു.

നിറം മാറ്റത്തിനെതിരായ കമന്റുകൾക്ക് പുറമെ വിമർശകർക്കെതിരെയും ചില ആരാധകർ രംഗത്തെത്തിയിരുന്നു. ‘കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു കളർ ചേഞ്ചിങ്ങിൽ പോലും പ്രത്യേക അസഹിഷ്ണുത പ്രകടിപ്പിക്കുന്ന ആളുകൾ ഇവിടെയുണ്ട് എന്നതാണ് മലയാളിയുടെ സ്വന്തം കേരളത്തിന്റെ പ്രത്യേകത, അഥവാ ഗതികേട്’ എന്നാണ് വിമർശനങ്ങൾക്കെതിരെ വന്ന കമന്റുകളിലൊന്ന്. കളർ മാത്രം നോക്കി നമ്മൾ പരസ്പരം പോരടിക്കരുതെന്നും രാഷ്ട്രീയം അതിന്റെ വഴിക്ക് പോകട്ടെയെന്നും കളർ നോക്കി രാഷ്ട്രീയം ഇവിടെ വേണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു. മൂന്നാം കിറ്റുമായി കളിക്കുന്ന ദിവസം പ്രൊഫൈൽ പിക്ചർ മാറ്റുന്നത് സാധാരണമാണെന്ന് ചൂണ്ടിക്കാണിച്ചും ആരാധകർ രംഗത്തെത്തിയിരുന്നു.

ലോഗോ തിരികെ കൊണ്ടുവന്നതിന് പിന്നാലെയും ആരാധകർ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. മലയാളികൾക്ക് മുന്നിൽ വെളച്ചിലെടുക്കരുതെന്നാണ് ഒരാളുടെ മുന്നറിയിപ്പ്. ‘കിട്ടിയപ്പോ ഓന്തിന്റെ നിറം മാറിയല്ലോ സന്തോഷം’ എന്നും മഞ്ഞപ്പടയാണ്, ഈ മഞ്ഞ മതി എന്നുമെല്ലാമാണ് പ്രതികരണങ്ങൾ.

ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റിനെതിരായ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ പോരാട്ടം 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു. 

Tags:    
News Summary - Protests intensified; Profile picture of the Blasters came back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.