തനിക്കെതിരായ പ്രതിഷേധങ്ങളില്‍ എസ്.എഫ്.ഐ-പി.എഫ്.ഐ കൂട്ടുകെട്ടുണ്ടെന്ന് ഗവർണർ

തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ എസ്.എഫ്.ഐ-പി.എഫ്.ഐ കൂട്ടുകെട്ടു​ണ്ടെന്ന ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ.

എസ്​.എഫ്​.ഐ ഒറ്റക്കല്ല സമരം നടത്തുന്നത്​. ഇതുസംബന്ധിച്ച്​ റിപ്പോർട്ട്​ കഴിഞ്ഞ ദിവസം കിട്ടി. നിലമേലിൽ അറസ്​റ്റ്​ ചെയ്​തവരിൽ ഏഴുപേർ പി.എഫ്​.ഐ പ്രവർത്തകരാണ്​. നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടിനെ ഉപയോഗിച്ച് സര്‍ക്കാര്‍ തന്നെ നേരിടുകയാണ്​. നിരോധിത സംഘടനയിലെ ആളുകള്‍ക്ക് പിന്തുണയും ആശ്രയവും ഒരുക്കുക മാത്രമല്ല, ക്രമസമാധാന നില തകർക്കാൻ അവരെ ഉപകരണമാക്കുകയുമാണ്​. സംസ്ഥാനത്ത് എസ്.എഫ്.ഐ- പി.എഫ്.ഐ സഖ്യം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗവർണർ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി നാടകക്കമ്പനി തുടങ്ങുകയാണ്​ ന​ല്ലതെന്ന്​ കഴിഞ്ഞ ദിവസം ഗവർണർ പരിഹസിച്ചിരുന്നു. ഗവർണർ സർക്കസ്​ കമ്പനി തുടങ്ങുന്നതാണ്​ ഏറ്റവും നല്ലതെന്ന്​ മന്ത്രി വി. ശിവൻകുട്ടി തിരിച്ചടിച്ചിരുന്നു. 

മന്ത്രി ബിന്ദുവിനെതിരെ തുറന്നടിച്ച്​ ഗവർണർ; നിയമവിരുദ്ധം, മിനിമം മര്യാദ കാട്ടിയില്ല 

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റില്‍ പ്രോ വൈസ് ചാന്‍സലറായ മന്ത്രി ആര്‍. ബിന്ദു പ​ങ്കെടുത്തതിനെ രൂക്ഷമായി വിമർശിച്ചും തുറന്നടിച്ചും ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ. മിനിമം മര്യാദ പോലും ഉന്നത വിദ്യാഭ്യാസ മന്ത്രി കാണിച്ചില്ല. യോഗം വിളിക്കാന്‍ താന്‍ ചുമതലപ്പെടുത്തിയത് വി.സിയെ ആണ്​. മന്ത്രിയെ യോഗത്തിന്റെ അധ്യക്ഷയാകാന്‍ നിയോഗിച്ചിട്ടില്ല.

ചാൻസലറുടെ നിയമപരമായ അധികാരത്തിൽ കൈകടത്താനോ തടസ്സപ്പെടുത്താനോ പ്രോ ചാൻസലറായ മ​​ന്ത്രിക്ക്​ ഒരധികാരവുമില്ല. അവർ ചെയ്തതതെല്ലാം നിയമവിരുദ്ധമാണ്​. സുപ്രീംകോടതി വിധി ഉന്നത വിദ്യാഭ്യാസ മന്ത്രി ലംഘിക്കുകയാണ്​. സർവകലാശാല നടപടികളിൽ പ്രോ ചാൻസലർ ഇടപെടരുതെന്ന് കോടതി വിധിയുണ്ട്. കോടതിയോട് അവര്‍ക്ക് ബഹുമാനമില്ല. കോടതി വിധിക്ക് പുല്ലുവിലയാണ് മന്ത്രി നൽകിയത്​. ഡൽഹിയിൽനിന്ന്​ മടങ്ങിയെത്തിയ ഗവർണർ വിമാനത്താവളത്തിൽ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു.

​കേരള സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റി അംഗത്തെ തെരഞ്ഞെടുക്കാൻ വെള്ളിയാഴ്​ച ചേർന്ന പ്രത്യേക സെനറ്റ് യോഗത്തിൽ മന്ത്രി ആർ. ബിന്ദു അധ്യക്ഷത വഹിച്ചിരുന്നു. പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണപക്ഷം അവതരിപ്പിച്ച പ്രമേയം 64 അംഗങ്ങൾ പിന്തുണച്ചതോടെ പാസായതായി മന്ത്രി പ്രഖ്യാപിച്ചത്​ വലിയ ബഹളത്തിനും നാടകീയ സംഭവങ്ങൾക്കും ഇടയാക്കിയിരുന്നു.

സർവകലാശാല നിയമഭേദഗതി ബിൽ രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുന്നതിനാലും സെർച് കമ്മിറ്റി രൂപവത്കരണം സംബന്ധിച്ച് യു.ജി.സി റെഗുലേഷനും സർവകലാശാല നിയമവും തമ്മിൽ വൈരുധ്യമുള്ളതിനാലും​ മാറ്റിവെക്കണമെന്നായിരുന്നു പ്രമേയം.

നിലമേലിൽ റോഡിൽ കുത്തിയിരുന്ന്​ ​പ്രതിഷേധിച്ച നാടകീയ സംഭവങ്ങൾക്ക്​ ശേഷം ആദ്യമായാണ്​ ഗവർണർ തലസ്ഥാനത്തേക്കെത്തുന്നത്​. നേരത്തെ കൊച്ചിയിലെയടക്കം ചടങ്ങുകളിൽ എത്തിയിരു​​​ന്നെങ്കിലും രാജ്​ഭവനിൽ വരാതെ ഡൽഹിയിലേക്ക്​ മടങ്ങുകയായിരുന്നു.

കേ​ന്ദ്രസേനയുടെ സുരക്ഷയിലാണ്​ ഗവർണറെങ്കിലും പ്രതിഷേധത്തിൽനിന്ന്​ എസ്​.എഫ്​.ഐ പിൻമാറിയിട്ടില്ല. തലസ്ഥാനത്തെത്തിയ ഗവർണറെ എ.കെ.ജി സെന്‍ററിന്​ സമീപം​ എസ്​.എഫ്​.ഐ പ്രവർത്തകർ കരി​​ങ്കൊടി കാണിച്ചു. കേരള സർവകലാശാല സെനറ്റിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വി.സി ഡോ.മോഹൻ കുന്നുമ്മൽ ഞായറാഴ്ച ഗവർണറുമായി കൂടി​ക്കാഴ്ച നടത്തു​ന്നുണ്ട്​.

Tags:    
News Summary - Governor says SFI-PFI collusion in protests against him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.