ചോദ്യപേപ്പർ ആവർത്തിച്ച സംഭവം: വെറുതെ കമ്മീഷനെ നിയോഗിച്ചിട്ടെന്ത് കാര്യമെന്ന് ഗവർണർ

കണ്ണൂർ: കണ്ണൂർ സർവകലാശാല ബിരുദ പരീക്ഷയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. ചോദ്യം ആവർത്തിച്ചത് ബന്ധപ്പെട്ടവരുടെ കഴിവുകേടാണെന്ന് ഗവർണർ കുറ്റപ്പെടുത്തി. ഇതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ടവർ ഏറ്റെടുക്കണം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തകർച്ചയിലാണ്. വെറുതെ കമ്മീഷനെ നിയോഗിച്ചിട്ട് കാര്യമില്ലെന്നും ഗവർണർ പറഞ്ഞു.

ഇതിനിടെ, അധികൃതരുടെ പിഴവിന് തങ്ങൾ ബലിയാടുവുകയാണെന്ന് വിദ്യാർഥികൾ പറയുന്നു. എഴുതിയ പരീക്ഷ വീണ്ടും എഴുതണം. ഏറെ പ്രയാസം സഹിച്ചാണ് പരീക്ഷ എഴുതിയത്. വിഷയത്തിലെ പ്രതിഷേധം അറിയിക്കാൻ എക്സാം കൺട്രോളറെ കാണാൻ പോലും കഴിഞ്ഞില്ല.  കുട്ടികൾ കോപ്പിയടിച്ചാൽ സത്വരനടപടി നട​പടിയെടുക്കുന്ന അധികൃതർ ഇക്കാര്യത്തിൽ കാണിക്കുന്ന അനാസ്ഥ അംഗീകരിക്കാൻ കഴിയില്ലെന്നും വിദ്യാർഥികൾ പറയുന്നു.

വെള്ളിയാഴ്ച നടന്ന മൂന്നാം സെമസ്റ്റർ ബി.എസ്സി ബോട്ടണി പരീക്ഷ പേപ്പറിലാണ് കഴിഞ്ഞ വർഷത്തെ ചോദ്യങ്ങളിൽ മിക്കതും ആവർത്തിച്ചത്. കഴിഞ്ഞ വർഷത്തെ പരീക്ഷക്കുവന്ന 60 ശതമാനം ചോദ്യങ്ങളും ഇക്കുറിയും പരീക്ഷക്ക് ആവർത്തിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് അന്വേഷണത്തിന് വൈസ് ചാൻസലർ രണ്ടംഗ സമിതിയെ നിയോഗിച്ചു.

സർവകലാശാല ഫിനാൻസ് ഓഫിസർ പി. ശിവപ്പു, സിൻഡിക്കേറ്റ് അംഗം ഡോ. പി. മഹേഷ് കുമാർ എന്നിവരാണ് അന്വേഷണ സമിതിയിലെ അംഗങ്ങൾ. ഈ മാസം 26നകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് വി.സിയുടെ നിർദേശം.

സർവകലാശാല പരീക്ഷ വിഭാഗത്തിന്‍റെ കെടുകാര്യസ്ഥതക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ചോദ്യപേപ്പർ ആവർത്തനത്തെ തുടർന്ന് സൈക്കോളജി ബിരുദം മൂന്നാം സെമസ്റ്റർ പരീക്ഷകൾ സർവകലാശാല കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിനിടെയാണ് ബോട്ടണി പരീക്ഷക്കും ചോദ്യങ്ങൾ ആവർത്തിച്ച സംഭവം. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ഉടൻ സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു. തുടർച്ചയായ വിവാദത്തെ തുടർന്ന്, ഏപ്രിൽ 25ന് നടക്കേണ്ട ഫിലോസഫി ബിരുദം മൂന്നാം സെമസ്റ്റർ പരീക്ഷ മാറ്റിവെച്ചിരിക്കുകയാണ്.

Tags:    
News Summary - Governor sharply criticizes question paper repeated incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.