ഗവർണറുടെ ശ്രമം സംഘപരിവാറിന്റെ ഗുഡ് ബുക്കിൽ കയറാൻ; പ്രതിഷേധം തുടരും -എം.വി​ ഗോവിന്ദൻ

തിരുവനന്തപുരം: സംഘപരിവാറിന്റെ ഗുഡ് ബുക്കിൽ കയറാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗവർണർക്കെതിരായ കരി​​ങ്കൊടി പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സ്വാഭാവിക പ്രതിഷേധമാണ് ഗവർണർക്കെതിരെ നടക്കുന്നത്. ഗവർണറുടെ മാനസികനില ജനങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണർക്കെതിരായ സമരപരിപാടി ഉപേക്ഷിക്കണമെന്ന് ആരും തീരുമാനിച്ചിട്ടില്ല. അടിമുടി പ്രകോപനമാണ് ഗവർണർ നടത്തുന്നത്. അതിന് പിന്നിൽ വേറെ ലക്ഷ്യങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തികൾ ഗവർണർ സ്ഥാനത്തിന് ചേർന്നതാണോ എന്ന് അദ്ദേഹം തന്നെ പരിശോധിക്കണം. സർവകലാശാല സെനറ്റുകളിൽ നടത്തുന്നത് കൃത്യമായ സംഘ്പരിവാർ രാഷ്ട്രീയ അജണ്ടകളാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

കരിങ്കൊടി പ്രതിഷേധം കേരളത്തിൽ ആദ്യമായല്ല നടക്കുന്നത്. സംസ്ഥാനത്ത് ഒരുപാട് പേർക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടാകാറുണ്ട്. അതിനാൽ ഗവർണർക്കെതിരെയും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, ഗവർണർക്ക് സുരക്ഷ കൂട്ടാൻ പൊലീസ് തീരുമാനമായി. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ നിർദേശപ്രകാരമാണ് സുരക്ഷ വർധിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാർക്ക് എ.ഡി.ജി.പി നിർദേശം നൽകി.എസ്.എഫ്.ഐ പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ കൂട്ടാന്‍ തീരുമാനമായത്.

Tags:    
News Summary - Governor's attempt to get into the good book of Sangh Parivar; The protest will continue - MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.