ഗവർണറുടെ പ്രതികരണം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരം -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലാ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടലുകളുടെ അതിപ്രസരം ആരോപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായി വിജയന് അയച്ച കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ. ഭരണഘടനാ പദവിയോട് സർക്കാർ കാട്ടുന്ന സമീപനത്തോടുള്ള പ്രതികരണമാണിത്.

ഭരണഘടനയെ അട്ടിമറിക്കാനുള്ള പിണറായി സർക്കാറിന്‍റെ തുടർച്ചയായ ശ്രമങ്ങൾ ഗവർണർ തുറന്ന് കാണിച്ചിരിക്കുകയാണ്. ഗവർണറുടെ നിലപാട് തന്നെയാണ് കേരളത്തിലെ ജനങ്ങൾക്കുമുള്ളത്. ചാൻസലറുടെ അധികാരം ഭരണഘടനാദത്തമാണ്. അത് സർക്കാറിന്‍റെ ഔദാര്യമല്ലെന്ന് മുഖ്യമന്ത്രിയും പരിവാരങ്ങളും മനസിലാക്കണം.

സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും വ്യാപകമായ ബന്ധു-രാഷ്ട്രീയ നിയമനങ്ങളാണ് നടക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്ന മുഴുവൻ അനധികൃത നിയമനങ്ങളും റദ്ദ് ചെയ്യണം. മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടെയും ബന്ധുക്കളെ സർവകലാശാലകളിൽ തിരുകികയറ്റിയ വൈസ്ചാൻസിലർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പിണറായി വിജയനും കമ്മ്യൂണിസ്റ്റുകാർക്കും ഇന്ത്യൻ ഭരണഘടനയോട് പുച്ഛമാണ്. അവർക്ക് കമ്മ്യൂണിസ്റ്റ് ഭരണഘടനയോടാണ് കൂറ്. എന്നാൽ, ഇന്ത്യാ മഹാരാജ്യത്തെ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി മറക്കരുത്. ഗവർണർക്ക് ബി.ജെ.പി പൂർണ പിന്തുണ നൽകും.

സർവകലാശാലകളുടെ പ്രവർത്തനത്തിൽ മുഴുവൻ രാഷ്ട്രീയ കടന്നുകയറ്റമാണെന്ന് ബി.ജെ.പി നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. ഇതേ വിമർശനം തന്നെയാണ് ഗവർണറുടെ കത്തിലുമുള്ളത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നത് ഇത്തരം രാഷ്ട്രീയ നിയമനങ്ങളാണ്. ഇതിനെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - Governor's response slaps CM in the face -K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.