പൊതുസ്ഥലങ്ങളിൽ ബോർഡ് സ്ഥാപിക്കാൻ സർക്കാർ ഏജൻസികൾക്കും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണം -ഹൈകോടതി

കൊച്ചി: പൊതുസ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കാൻ സർക്കാർ ഏജൻസികൾക്കും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി നിർബന്ധമെന്ന് ഹൈകോടതി. തദ്ദേശ സ്ഥാപനങ്ങളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ബോർഡുകളോ ബാനറുകളോ തോരണങ്ങളോ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തിപരമായി നടപടികൾ നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി.

പാതയോരങ്ങളിലെ അനധികൃത ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കണമെന്നാവശ്യപ്പെടുന്ന ഹരജികളാണ് കോടതി പരിഗണിച്ചത്. പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകൾക്കും തോരണങ്ങൾക്കുമെതിരെ നടപടികൾ തുടരുന്നതിനിടെ വ്യവസായ വകുപ്പ് അടുത്തിടെ കൊച്ചിയിൽ നടത്തിയ പരിപാടിയുടെ ഭാഗമായി നഗരത്തിന്റെ പലയിടത്തും ബാനറുകളും ബോർഡുകളും വെച്ചിരുന്നു.

ഇത് ശ്രദ്ധയിൽപെട്ട കോടതി വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിശദീകരണം തേടിയിരുന്നു. എന്നാൽ, സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ കോടതി പൂർണ തൃപ്തി പ്രകടിപ്പിച്ചില്ല.

അനധികൃത ബോർഡുകളും ബാനറുകളും നീക്കി കൊച്ചി നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന നടപടികൾ തുടരുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ ദൗർഭാഗ്യകരമാണെന്ന് കോടതി വിലയിരുത്തി. 

Tags:    
News Summary - Govt agencies also need permission from local bodies to install boards in public places - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.