കൊച്ചി: മലപ്പുറം ജില്ല പൊലീസ് മേധാവിയായിരുന്ന എസ്. സുജിത്ദാസ് അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പൊന്നാനിയിലെ വീട്ടമ്മ നൽകിയ ബലാത്സംഗ പരാതി വ്യാജമെന്ന് സർക്കാർ. കുറ്റകൃത്യങ്ങൾ നടന്നതായി പറയുന്ന സ്ഥലം, സമയം എന്നിവ കൃത്യമല്ലെന്നും പരാതിക്കാരിയുടെ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം അഡീ. എസ്.പി ഫിറോസ് എം. ഷഫീഖാണ് ഹൈകോടതിയിൽ റിപ്പോർട്ട് നൽകിയത്. പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച യുവതിയുടെ ഹരജിയിലാണ് അഡീ. പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണൻ വഴി റിപ്പോർട്ട് സമർപ്പിച്ചത്.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് പരാതി നൽകിയ തന്നെ 2022ൽ പൊന്നാനി എസ്.എച്ച്.ഒ ആയിരുന്ന വിനോദ് വലിയത്തൂരും താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയും എസ്.പി സുജിത്ദാസും പലപ്പോഴായി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. ഈ പരാതികൾ തെറ്റാണെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വ്യാജ പരാതിയിൽ കേസെടുത്താൽ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കപ്പെടും. സമൂഹത്തിലെ പ്രതിച്ഛായ കളങ്കപ്പെടും. വിനോദിനെതിരായ പരാതി മുമ്പ് രണ്ട് ഡിവൈ.എസ്.പിമാർ അന്വേഷിച്ച് അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതാണ്. പീഡനം നടന്നതായി പറയുന്ന ദിവസം വിനോദ് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഫോൺ കാൾ രേഖയിൽനിന്ന് വ്യക്തമാണ്. ഡിവൈ.എസ്.പിക്കും എസ്.പിക്കുമെതിരെ ആദ്യഘട്ടത്തിൽ പരാതി നൽകാതിരുന്ന യുവതി സെപ്റ്റംബർ ആറിനാണ് ഇവർക്കെതിരെ ആരോപണമുന്നയിച്ചത്.
കാൾ റെക്കാഡുകളും ഡ്യൂട്ടി ഡയറിയും ഒത്തുനോക്കി സത്യം കണ്ടെത്താൻ കഴിയുമെന്നതിനാൽ സ്ഥലവും സമയവും കൃത്യമായി പറയാത്തത് കരുതിക്കൂട്ടിയാണെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. അതിനാൽ, ഹരജി തള്ളണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം. കേസിൽ വാദം പൂർത്തിയാക്കിയ ജസ്റ്റിസ് എ. ബദറുദ്ദീൻ ഹരജി വിധി പറയാൻ മാറ്റി. പത്തനംതിട്ട എസ്.പിയായി പിന്നീട് നിയമിക്കപ്പെട്ട സുജിത്ദാസ് പി.വി. അൻവർ എം.എൽ.എയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിനെത്തുടർന്ന് നിലവിൽ സസ്പെൻഷനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.