തിരുവനന്തപുരം: വിവാദമായ ലോകായുക്ത ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് സംസ്ഥാന സർക്കാറിന് രാഷ്ട്രീയ നേട്ടം. പിണറായി സർക്കാർ അഴിമതിനിരോധന നിയമത്തിന്റെ പല്ലെടുത്തെന്ന പ്രതിപക്ഷ വിമർശനം നേരിടാൻ രാഷ്ട്രപതിയുടെ ഒപ്പ് സി.പി.എമ്മിന് തുണയാകും. പോരിന്റെ ഭാഗമായി ബിൽ ദീർഘകാലം പിടിച്ചുവെച്ച ഗവർണർക്കുമേൽ സംസ്ഥാന സർക്കാറിന്റെ വിജയം കൂടിയാണ് രാഷ്ട്രപതിയുടെ തീർപ്പ്. ഇത് നേട്ടമായി സർക്കാർ ആഘോഷിക്കുമ്പോൾ സർവകലാശാല ബില്ലുകൾ രാഷ്ട്രപതി തടഞ്ഞുവെച്ചത് പുറത്തുവിട്ട് തിരിച്ചടിക്കുകയാണ് ഗവർണർ.
ലോകായുക്ത ബില്ലിന് അംഗീകാരം കിട്ടിയത് സംസ്ഥാന സർക്കാർ കേന്ദ്രങ്ങൾ പുറത്തുവിടുകയും ഗവർണറെ വിമർശിച്ച് പ്രതികരണം നൽകുകയും ചെയ്തതിനുപിന്നാലെയാണ് സർവകലാശാല ബില്ലുകൾ രാഷ്ട്രപതി തടഞ്ഞുവെച്ചെന്ന വിവരം ഗവർണറുടെ ഓഫിസ് പുറത്തുവിട്ടത്. സർവകലാശാലകളിൽനിന്ന് ഗവർണറെ മാറ്റിനിർത്തുകയാണ് മൂന്ന് ബില്ലുകളിലൂടെ പിണറായി സർക്കാർ ലക്ഷ്യമിട്ടത്. രാഷ്ട്രപതി അത് തടഞ്ഞുവെച്ചത് പിണറായി സർക്കാറിന് കനത്ത തിരിച്ചടിയാണ്.
ലോകായുക്ത ബില്ലിൽ വിജയം സർക്കാറിനെങ്കിൽ സർവകലാശാല ബില്ലിൽ ഈ ഘട്ടത്തിൽ വിജയിച്ചുനിൽക്കുന്നത് ഗവർണറാണ്. ലോകായുക്ത ബില്ലിൽ ഏറ്റ തിരിച്ചടി സി.പി.എം-ബി.ജെ.പി ഒത്തുകളി ആരോപിച്ച് നേരിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ലോകായുക്ത ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയത് മോദിയും പിണറായിയും തമ്മിലെ അണ്ണൻ-തമ്പി ബന്ധത്തിനുള്ള തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ലോകായുക്ത ബിൽ ഭേദഗതിയിലൂടെ അഴിമതി നിരോധന നിയമത്തെ പിണറായി സർക്കാർ നോക്കുകുത്തിയാക്കിയെന്നും അതിനെതിരെ കോടതിയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബില്ലുകളിൽ രാഷ്ട്രപതിയുടെ തീരുമാനം മൂന്ന് രീതിയിൽ
തിരുവനന്തപുരം: മൂന്ന് രീതിയിലാണ് ബില്ലുകളിൽ രാഷ്ട്രപതി തീരുമാനമെടുക്കുന്നത്. ബില്ലുകൾക്ക് അനുമതി നൽകുന്നതാണ് ഒരു രീതി. അനുമതി തടയുന്നതാണ് മറ്റൊന്ന്. തിരിച്ചയക്കുന്നതാണ് മൂന്നാമത്തേത്. ഇതിൽ രണ്ടാമത്തെ രീതിയാണ് മൂന്ന് ബില്ലുകളുടെ കാര്യത്തിൽ രാഷ്ട്രപതി സ്വീകരിച്ചത്. ലോകായുക്ത ബില്ലിന്റെ കാര്യത്തിൽ അനുമതി നൽകുകയും ചെയ്തു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ, ലോകായുക്ത ബില്ലിൽ ഇനി ഗവർണർ ഒപ്പിടും. പിന്നാലെ, ലോകായുക്ത നിയമത്തിലെ ഭേദഗതി പ്രാബല്യത്തിൽ വരുത്തി ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കും. ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച് സർക്കാർ ആദ്യം കൊണ്ടുവന്ന ഓർഡിനൻസ് ഗവർണർ ഒപ്പിട്ടിരുന്നു. ഓർഡിനൻസ് ബില്ലായി നിയമസഭ പാസാക്കിയപ്പോഴാണ് അംഗീകാരം നൽകാതിരുന്നതും പിന്നീട് രാഷ്ട്രപതിക്ക് അയച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.