ഡ്രൈ ഡേയിൽ ഉപാധികളോടെ മാറ്റം വരുത്താൻ കരട് മദ്യനയത്തിൽ ശിപാർശ

തിരുവനന്തപുരം: ഡ്രൈ ഡേയിൽ ഉപാധികളോടെ മാറ്റം വരുത്താൻ മദ്യനയത്തിന്റെ കരടിൽ ശിപാർശ. ഡ്രൈ ഡേ കാരണം കോടികളുടെ നഷ്ടം വരുന്നതായി ടൂറിസം, നികുതി വകുപ്പുകൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റത്തിന് ശിപാർശ. എല്ലാ ബാറുകളും തുറക്കില്ലെങ്കിലും ഒന്നാം തീയതി കോൺഫറൻസോ, വെഡ്ഡിങ് പാർട്ടിയോ പോലുള്ള പരിപാടികൾ നടക്കുന്നയിടങ്ങളിൽ ഉപാധികളോടെ തുറക്കാനുള്ള ശിപാർശയാണുള്ളത്. ചട്ടങ്ങൾ രൂപവത്കരിച്ച ശേഷം മാത്രമേ ഇളവുകൾ സംബന്ധിച്ച കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.

അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന കോൺഫറൻസുകളും ഡെസ്റ്റിനേഷൻ വെഡ്ഡിങ് പോലുള്ള പരിപാടികളും ഡ്രൈ ഡേ കാരണം കേരളത്തിലേക്ക് വരുന്നില്ലെന്ന് ടൂറിസം വകുപ്പ് ചൂണ്ടിക്കാണിച്ചിരുന്നു. പ്രധാനപ്പെട്ട പല പരിപാടികളും ശ്രീലങ്കയിലേക്ക് പോകുന്നുവെന്നും ഇതുകാരണം 25,000 കോടിയുടെ നഷ്ടം സംസ്ഥാനത്തിന് വരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടന്ന സെക്രട്ടറിതല യോഗത്തിലും ഇക്കാര്യം ചർച്ചയായിരുന്നു.

നേരത്തെ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷുമായുള്ള കൂടിക്കാഴ്ചയിൽ ഡ്രൈ ഡൈ മാറ്റണമെന്ന ആവശ്യവുമായി ബാർ ഉടമകൾ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ കോഴ നൽകാനായി പണപ്പിരിവ് നടത്തുന്നതായുള്ള ശബ്ദരേഖ പുറത്തുവന്നതോടെ സർക്കാർ പ്രതിരോധത്തിലായിരുന്നു.ഡ്രൈ ഡേ മാറ്റുന്നതു സംബന്ധിച്ച ചർച്ചകളിൽനിന്ന് പിന്നോട്ടുപോയെങ്കിലും ഇക്കാര്യം സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

Tags:    
News Summary - Govt plans to bring changes in dry days in new liquor policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.