മലപ്പുറം: വയനാട്ടിലെ മഹാദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കൈമെയ് മറന്ന് മുന്നോട്ടുവന്ന അദ്ഭുത മനുഷ്യരെ നമ്മൾ കൺചിമ്മാതെ കണ്ടിരുന്നില്ലേ... ഒരു പ്രതിഫലവും ആഗ്രഹിക്കാതെ നാനാഭാഗത്തു നിന്ന് കുത്തിയൊലിച്ച് സ്നേഹം അണപൊട്ടി ഒഴുക്കിയ മഹാ മനുഷ്യരാണവർ. ആ കൂട്ടത്തിൽ എന്നും മുമ്പേനിന്നു നയിക്കുന്നവരാണ് മലപ്പുറം ജില്ലക്കാരും. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിലും ഈ നാട്ടിലെ ഒരു കൂട്ടം മനുഷ്യർക്ക് തങ്ങളുടെ വീടുകളിൽ സേഫായി ഇരിക്കാൻ മനസനുവദിച്ചില്ല. അതിന് ചെറിയൊരു ഉദാഹരണമാണ് മലപ്പുറം പുളിക്കൽ കേന്ദ്രീകരിച്ച് തുടങ്ങിയ ‘യൂത്ത് അലൈവ് കേരള’ എന്ന കൂട്ടായ്മയും.
വയനാട്ടിലെയും ചാലിയാറിലെയും രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇവരുടെ പങ്ക് ചെറുതായിരുന്നില്ല. ദുരന്തം നാടറിഞ്ഞ ഉടനെ അവിടെ എന്തു സഹായമെത്തിക്കാൻ സാധിക്കുമെന്ന് കൺതുറന്നിരിക്കുകയായിരുന്നു യൂത്ത് അലൈവിലെ ഒരു കൂട്ടം യുവാക്കൾ. നാട്ടിൽ ശക്തമായ ഒരു കാറ്റോ മഴയോ വന്നാൽ ഈ സംഘത്തിന് ഉറക്കമുണ്ടാവാറില്ല. അർധരാത്രി വരെ നാടിന് കാവലായി ഇരിക്കാൻ തയാറായ സന്ദേശങ്ങളാവും യൂത്ത് അലൈവ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിറയുക. പതിവ് പോലെ വയനാട് ദുരന്തത്തിലും തങ്ങളുടെ 75 അംഗ വളണ്ടിയർമാരെ മുണ്ടക്കൈ, ചൂരൽമല ഭാഗത്തേക്ക് ഇവർ പറഞ്ഞയച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ ടൂളുകളും വാഹനങ്ങളും വൈവിധ്യമായ മേഖലകളിൽ ജോലി ചെയ്യുന്നവരെയെല്ലാം ഒരുമിച്ച് കൂട്ടിയായിരുന്നു ഈ സംഘം ചുരം കയറിയത്. മൃതദേഹങ്ങൾ കണ്ടെത്താനുള്ള തെർമൽ സ്കാനർ പോലുള്ള ആധുനിക ഉപകരണങ്ങളടക്കമായിരുന്നു സംഘത്തിന്റെ യാത്ര.
ഡോക്ടർമാർ, എൻജിനീയർമാർ, അധ്യാപകർ, ബിസിനസുകാർ, വിദ്യാർഥികൾ തുടങ്ങി എല്ലാ മേഖലകളിൽ നിന്നുള്ളവരും സജീവമായി രംഗത്തുണ്ടായിരുന്നു. വളണ്ടിയർമാർക്ക് താമസ സൗകര്യമൊരുക്കാൻ യൂത്ത് അലൈവിന്‍റെ അംഗങ്ങളിൽ ഒരാളുടെ തന്നെ സംരംഭമായ ‘വയനാട് കസീറ്റ’യുടെ കീഴിലുള്ള താമസ സ്ഥലങ്ങളും സൗജന്യമായി വിട്ടുനൽകിയിരുന്നു. വയനാട് ദുരന്തത്തിൽപ്പെട്ട് ക്യാമ്പുകളിലുള്ള ആയിരങ്ങൾക്ക് മരുന്നും വസ്ത്രവും ഭക്ഷണവുമെല്ലാം എത്തിക്കുന്നവരിൽ യൂത്ത് അലൈവും ഉണ്ടായിരുന്നു. ഇതിനായി പുളിക്കൽ കേന്ദ്രീകരിച്ച് പ്രത്യേക കലക്ഷൻ സെന്‍റർ അടക്കം ആരംഭിച്ചു. ദുരന്തത്തിൽ പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക്കും ഒറ്റപ്പെട്ടവർക്കും താങ്ങായി നിൽക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കാനുള്ള പ്രവർത്തനങ്ങളിലാണ് കൂട്ടായ്മ. 2018ലെ പ്രളയകാലം മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ് ‘യൂത്ത് അലൈവ്’.
2018ലെ മഹാപ്രളയകാലത്താണ് പുളിക്കൽ കേന്ദ്രീകരിച്ച് ‘യൂത്ത് അലൈവ്’ എന്ന കൂട്ടായ്മ ആരംഭിച്ചത്. സ്വന്തം നാട്ടിലെ സേവനങ്ങൾക്ക് പുറമെ എറണാകുളം പറവൂർ, ആലുവ മേഖലയിൽ വെള്ളം കയറിയ വീടുകളും അമ്പലങ്ങളും മുസ്ലീം, ക്രിസ്ത്യൻ പള്ളികളുമെല്ലാം ശുചീകരിച്ച് മാതൃക തീർത്തായിരുന്നു തുടക്കം. പ്രളയ ദുരിതാശ്വാസത്തിനായി അന്ന് നൂറിലധികം യുവാക്കളാണ് ‘മലപ്പുറത്തിന്റെ മക്കൾ എറണാകുളത്തേക്ക്’ എന്ന ബാനറുമായി പുറപ്പെട്ടത്. വാട്ടർ ഗൺ, ജനറേറ്റർ, മരംമുറിക്കാർ, ഡോക്ടർമാർ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരുമായാണ് സംഘം യാത്ര ചെയ്തത്.
യൂത്ത് അലൈവിന്‍റെ വളണ്ടിയേഴ്സ് 300 ലധികം വീടുകളാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് വൃത്തിയാക്കിയത്. ക്യാമ്പുകളിലുള്ളവർക്ക് ഭക്ഷണ സാധനങ്ങളും അവശ്യ വസ്തുക്കൾ എത്തിക്കുന്നതിലും ഇവർ മുന്നിലായിരുന്നു. ഈ പ്രവൃത്തികൾക്കെല്ലാം നന്ദിയെന്നോണം പ്രളയകാലത്തിന് ശേഷം മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെത്രോപ്പോലീത്ത ഗീവർഗീസ് മാർ യുലിയോസ് വെള്ളിയാഴ്ച പുളിക്കൽ ജുമാ മസ്ജിദിൽ എത്തി നാട്ടുകാർക്ക് നന്ദിയർപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ജാതിയും മതവും നോക്കാതെ മലപ്പുറത്തെ യുവാക്കൾ ചെയ്ത പ്രവൃത്തികൾ മറക്കാനാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
2019ലെ പേമാരി ദുരിതത്തിലും വിവിധ മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ യൂത്ത് അലൈവ് സജീവമായി. മലപ്പുറം ജില്ലയിലെ വെള്ളം കയറി ദുരിതത്തിൽപ്പെട്ട വാഴക്കാട് അടക്കമുള്ള മേഖലകളിൽ 15ലധികം ബോട്ട് സർവീസുകളുമായാണ് വളണ്ടിയർമാർ നിസ്വാർഥ സേവനം ചെയ്തത്. കവളപ്പാറ ദുരന്തത്തിൽ 50 ഹിറ്റാച്ചിയും 15 ജെ.സി.ബിയും നിരവധി ലോറികളുമായാണ് സംഘം തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചത്. കൂടാതെ ദുരന്ത മേഖലകളിൽ അവശ്യ സാധനങ്ങൾ എത്തിക്കുന്നതിന് പ്രത്യേക കലക്ഷൻ സെന്‍റർ തുടങ്ങിയും അന്ന് പ്രവർത്തനങ്ങളിൽ സജീവമായി. മതവും രാഷ്ട്രീയവും നോക്കാതെ മനം നിറഞ്ഞാണ് ഇവരുടെ പ്രവർത്തനങ്ങൾ. ആളുകളുടെ കൈയടി നേടാനല്ല ദുരിതബാധിതർക്ക് എന്നും തണലാവാനാണ് ഇവരുടെ ശ്രമം.
പുളിക്കൽ, ചെറുകാവ്, കൊണ്ടോട്ടി മേഖലകളിലുള്ളവരാണ് കൂട്ടായ്മയിൽ ഭൂരിഭാഗവും. മലബാറിലെ വിവിധ ജില്ലകളിൽ നിന്നായി മൂവായിരത്തിലധികം അംഗങ്ങൾ കൂട്ടായ്മയിലുണ്ട്. ഇതിൽ നൂറോളം പേർ സജീവ പ്രവർത്തകരാണ്. ദുരിതാശ്വാസത്തിന് പുറമെ പ്രദേശത്തെ സാമൂഹിക സേവനങ്ങളിലെല്ലാം ഇവർ മുന്നിലാണ്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കലാ-കായിക രംഗത്ത് നൽകുന്ന സൗജന്യ പരിശീലനം ഇതിൽ ഒരു പ്രവൃത്തി മാത്രം. ഷമീർ പെരിയമ്പലം, ബഷീർ മാസ്റ്റർ, മഹബൂബ് കടവത്ത്, അൻസാരി പെരിയമ്പലം, നൗഷാദ്, ഫസ്‌ലു തേങ്ങാട്ട്, ഹസീബ്, ഒ.കെ മൻസൂർ , അഫ്സൽ ഐക്കരപ്പടി, ജസീം, അലി അക്ബർ തുടങ്ങിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.