ന്യൂഡൽഹി : കെ- റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിക്കണമെന്നും പദ്ധതിക്കു വേണ്ടി സംസ്ഥാന സർക്കാർ ഇപ്പോൾ വീണ്ടും നടത്തുന്ന നീക്കങ്ങൾക്ക് അംഗീകാരം നൽകരുതെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് 25,000 കുടുംബങ്ങളുടെ സങ്കട ഹരജി. കെ - റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയാണ് പദ്ധതി പ്രദേശത്തെ 25000 കുടുംബങ്ങളും കേരളത്തിൽ നിന്നുള്ള 15 എം. പിമാരും ഒപ്പിട്ട ഭീമ ഹരജി സമർപ്പിച്ചത്.
ഒരു തരത്തിലുള്ള അനുമതിയും ലഭിക്കാത്ത പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാൻ വിജഞാപനമിറക്കിയത് മൂലം സ്ഥലം വിൽക്കാനോ വായ്പ എടുക്കാനോ കഴിയാതെ ഭൂവുടമകൾ ദുരിതത്തിലാണെന്ന് ഹരജി ബോധിപ്പിച്ചു. അനധികൃതമായ സ്ഥലം ഏറ്റെടുക്കലിനെ ഉപരോധിച്ചവരുടെ പേരിൽ എടുത്ത കേസുകളും നിലനിൽക്കുകയാണെന്നും ഹരജി ചൂണ്ടിക്കാട്ടി. നിയമപരമായ ശാസ്ത്രീയ പഠനങ്ങൾ ഒന്നും നടത്താതെ തയാറാക്കിയ പദ്ധതി നിർദേശം കേരളത്തെ സർവനാശത്തിലേക്ക് നയിക്കുമെന്ന് ഹരജിയിൽ മുന്നറിയിപ്പ് നൽകി.
കെ - റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രതിനിധികളായ ജോസഫ് എം. പുതുശ്ശേരി, എം. പി. ബാബുരാജ്, വിനു കുര്യാക്കോസ്, ശിവദാസ് മഠത്തിൽ എന്നിവർ കേരളത്തിൽ നിന്നുള്ള എം. പിമാരായ ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ്, കൊടിക്കുന്നിൽ സുരേഷ്, എൻ. കെ. പ്രേമചന്ദ്രൻ, ബെന്നി ബഹനാൻ, ഇ. ടി. മുഹമ്മദ് ബഷീർ എന്നിവരോടൊപ്പം റെയിൽ ഭവനിൽ കേന്ദ്ര മന്ത്രിയെ നേരിട്ട് കണ്ടായിരുന്നു ഭീമഹരജി സമർപ്പണം.
ശക്തമായ എതിർപ്പിനെ തുടർന്ന് ഒരു ഘട്ടത്തിൽ പിന്മാറിയ സർക്കാർ കേരളത്തിന്റെ മുഖ്യ ആവശ്യമായി ഇതു ആവർത്തിച്ച് ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി നീക്കം. കേന്ദ്ര ധനമന്ത്രി ബജറ്റിനു മുന്നോടിയായി നടത്തിയ സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലും സംസ്ഥാന സർക്കാർ ഈ പദ്ധതിക്കായി ആവശ്യമുന്നയിച്ചിരുന്നു. വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.