മേപ്പാടി: മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. 20 ദിവസത്തിനകം ക്ലാസുകള്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വിദ്യാർഥികളുടെ ക്ലാസുകൾ മുടങ്ങാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വയനാട് ജില്ലാ ആസൂത്രണ സമിതി ഭവനിൽ ദുരന്തബാധിത മേഖലയിലെ ജനപ്രതിനിധികൾ, അധ്യാപകർ, പി.ടി.എ പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്ക്കൂളിലേയും മുണ്ടക്കൈ ഗവ. ജി.എൽ. പി. സ്ക്കൂളിലേയും അടിസ്ഥാന സൗകര്യങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് നോഡൽ ഓഫിസറായി വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. മേൽനോട്ട ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നല്‍കിയിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് വയനാട്ടിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് സർട്ടിഫിക്കറ്റുകൾ നേരിട്ട് വിതരണം ചെയ്യും. കുട്ടികൾക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിന് കെ.എസ്.ആർ.ടി.സിയുമായി ചർച്ച നടത്തും. ആവശ്യമെങ്കിൽ ബദൽ സംവിധാനം ഒരുക്കും.
ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് അധിക സൗകര്യം ഒരുക്കും. കമ്പ്യൂട്ടറുകൾ ലഭ്യമാക്കും. ക്യാമ്പിലെ വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകുമെന്നും മന്ത്രി പറഞ്ഞു. സമഗ്ര പുനരധിവാസത്തിന്റെ ഭാഗമായി ടൗൺഷിപ്പ് രൂപപ്പെടുമ്പോൾ വെള്ളാർമല സ്കൂൾ അതേ പേരിൽതന്നെ പുനർ നിർമിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. മുണ്ടക്കൈ ഗവൺമെൻറ് എൽ.പി സ്കൂൾ പുനർ നിർമിക്കുന്നതിന് ചലച്ചിത്ര താരം മോഹൻലാൽ തുക വാഗ്ദാനം ചെയ്തിട്ടുണ്ട്. പുനർ നിർമാണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പും തുക വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മന്ത്രിമാരായ സജി ചെറിയാൻ, ഒ.ആർ കേളു, ടി. സിദ്ദിഖ് എം.എൽ.എ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. . ഷാനവാസ്, കൈറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ അൻവർ സാദത്ത്, സ്കോൾ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. പ്രമോദ്, എസ്.ഐ.ഇ.ടി ഡയറക്ടർ ഡോ. അബുരാജ്, വയനാട് ഉപവിദ്യാഭ്യാസ ഡയറക്ടർ ശശീന്ദ്രവ്യാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.