ഗവർണറെ തണുപ്പിക്കാൻ സർക്കാർ; മന്ത്രി എം.ബി രാജേഷ് രാജ്ഭവനിൽ

സർക്കാരുമായി നിരന്തരം പോരടിച്ചുകൊണ്ടിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാൻ മന്ത്രി എം.ബി രാജേഷ് രാജ്ഭവനിലെത്തി. ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ഗവർണറെ ക്ഷണിക്കാനാണ് രാജ്ഭവനിലെത്തിയതെന്നാണ് നൽകിയ വിശദീകരണം. ഒക്ടോബർ രണ്ടിന് സംസ്ഥാന തലത്തിൽ ലഹരിവിരുതദ്ധ പ്രചാരണ പരിപാടി നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.

സർക്കാരിന്റെ സുപ്രധാന പരിപാടിയായതുകൊണ്ടാണ് എക്‌സൈസ് മന്ത്രി എന്ന നിലയിൽ എം.ബി രാജേഷ് രാജ്ഭവനിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ചീഫ് സെക്രട്ടറി വി.പി ജോയിയും മന്ത്രിക്കൊപ്പം ഗവർണറെ കാണാനെത്തിയിരുന്നു. ഗവർണർ ഇന്ന് ഡൽഹിക്കു പോയാൽ ഒക്ടോബർ മൂന്നിനു മാത്രമേ തിരിച്ചെത്തുകയുള്ളൂ. നിലവിൽ അഞ്ചു ബില്ലുകളിൽ മാത്രമാണ് ഒപ്പിട്ടിരിക്കുന്നത്. ആറ് ബില്ലുകളിലാണ് ഒപ്പിടാനുള്ളത്. ലോകായുക്ത നിയമ ഭേദഗതി ബില്ലിലും സർവകലാശാല നിയമഭേദഗതിയിലും ഒപ്പിടില്ലെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു.

രണ്ട് ബില്ലുകളിൽ ഒപ്പിടില്ലെന്ന് അറിയിച്ചെങ്കിലും ബാക്കിയുള്ള നാല് ബില്ലുകളിൽ എപ്പോൾ ഒപ്പിടുമെന്നതിൽ വ്യക്തതയില്ല. ബില്ലുകൾ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അഭിപ്രായവും ഗവർണറെ അറിയിക്കാനുള്ള സാധ്യതയുണ്ട്. വകുപ്പ് മന്ത്രിമാരോ സെക്രട്ടറിമാരോ നേരിട്ട് വരണമെന്ന ആവശ്യമായിരുന്നു ഗവർണർ നേരത്തെ മുന്നോട്ട്‌വെച്ചിരുന്നത്. പിന്നീട് ചില വകുപ്പ് സെക്രട്ടറിമാർ ഗവർണറെ കണ്ട് കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് ബില്ലുകളിൽ ഗവർണർ ഒപ്പുവെച്ചത്. രാവിലെ വിഴിഞ്ഞം തുറമുഖ സമരത്തിനു നേതൃത്വം നൽകുന്ന ലത്തീൻ സഭാ നേതൃത്വവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. തുറമുഖ നിർമാണത്തിലെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവരാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഗവർണർ ഉറപ്പു നൽകിയതായി ലത്തീൻ രൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര മാധ്യമങ്ങളോടു പറഞ്ഞു.

Tags:    
News Summary - Govt to cool Governor; Minister MB Rajesh at Raj Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.