തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ഡി.ജി.പിമാരും ഒമ്പത് എസ്.പിമാരും മേയ് 31ന് വിരമിക്കുന്നതോടെ ആഭ്യന്തരവകുപ്പിന്റെ തലപ്പത്ത് അഴിച്ചുപണിക്ക് സർക്കാർ തയാറെടുക്കുന്നു.ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ, എക്സൈസ് കമീഷണർ ആർ. ആനന്ദകൃഷ്ണൻ, എസ്.പി.ജി ഡയറക്ടറായ കേരള കേഡർ ഉദ്യോഗസ്ഥൻ അരുൺ കുമാർ സിൻഹ എന്നിവരാണ് വിരമിക്കുന്ന ഡി.ജി.പിമാർ.
കേരള വനിത കമീഷൻ എസ്.പി രാജീവ് പി.ബി, തിരുവനന്തപുരം ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി കമീഷണർ കെ. ലാൽജി, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് എസ്.പി ടി. രാമചന്ദ്രൻ, കെ.എ.പി ഒന്നാം ബറ്റാലിയൻ കമാൻഡന്റ് കെ.എൻ. അരവിന്ദൻ, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ്.പി കെ.വി. വിജയൻ, സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ എസ്.പി ജെ. കിഷോർ കുമാർ, ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി കെ.എം. ജിജിമോൻ, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് കോഴിക്കോട് റേഞ്ച് എസ്.പി പ്രിൻസ് എബ്രഹാം, മറൈൻ എൻഫോഴ്സ്മെന്റ് എസ്.പി സി. ബാസ്റ്റിൻ സാബു എന്നിവരാണ് വിരമിക്കുന്ന മറ്റ് ഐ.പി.എസ് ഉദ്യോഗസ്ഥർ.
ബി. സന്ധ്യ, ആർ. ആനന്ദകൃഷ്ണൻ, അരുൺ കുമാർ സിൻഹ എന്നിവർക്ക് പകരം എ.ഡി.ജി.പിമാരായ നിതിൻ അഗർവാൾ (സി.ആർ.പി.എഫ്), കെ. പത്മകുമാർ (പൊലീസ് ആസ്ഥാനം), ഷെയ്ഖ് ദർവേശ് സാഹിബ് (ക്രൈംബ്രാഞ്ച് മേധാവി) എന്നിവർക്ക് ഡി.ജിപി പദവി ലഭിക്കും. ഇവരുടെ സ്ഥാനത്ത് ഐ.ജിമാരായ ജി. ലക്ഷ്മൺ, അശോക് യാദവ് എന്നിവർ എ.ഡി.ജി.പി റാങ്കിലേക്ക് എത്തും.
അതേസമയം, എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് സസ്പെൻഡ് ചെയ്യപ്പെട്ട ഐ.ജി പി. വിജയനെ സസ്പെൻഷൻ കഴിയുന്ന മുറക്ക് എ.ഡി.ജി.പി പദവി നൽകിയേക്കും. നേരത്തേ മോൺസൺ മാവുങ്കൽ കേസിൽ സസ്പെഷനിലായതിനെ തുടർന്ന് ജി. ലക്ഷ്മണിനെ എ.ഡി.ജി.പി റാങ്കിലേക്ക് പരിഗണിച്ചിരുന്നില്ല.
പകരം അദ്ദേഹത്തിന്റെ ബാച്ചിലെ ബൽറാം കുമാർ ഉപാധ്യായക്കായിരുന്നു സ്ഥാനക്കയറ്റം നൽകിയത്. ആ നയം വിജയന്റെ കാര്യത്തിലും ആഭ്യന്തരവകുപ്പ് സ്വീകരിച്ചേക്കുമോയെന്ന് വ്യക്തമല്ല. ഒഴിവുവരുന്ന ഫയർഫോഴ്സ്, എക്സൈസ് മേധാവി കസേരകളിൽ ഒന്നിലേക്ക് വിരമിക്കലിനോട് അടുക്കുന്ന ടോമിൻ തച്ചങ്കരിയെ പരിഗണിക്കുമെന്നാണ് വിവരം.
ഇദ്ദേഹത്തിന് പുറമെ പത്മകുമാർ, ദർവേശ് സാഹിബ് എന്നിവരും സർക്കാറിന്റെ ലിസ്റ്റിലുണ്ട്. വിരമിക്കുന്ന ഒമ്പത് എസ്.പി.മാർക്ക് ചൊവ്വാഴ്ച പൊലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകും. ബുധനാഴ്ചയാണ് ഡി.ജി.പിമാർക്കുള്ള യാത്രയയപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.