ഒടുവിൽ കിറ്റിന്റെ കമീഷൻ നൽകാൻ തീരുമാനം; 33 തടവുകാരെ മോചിപ്പിക്കാൻ മന്ത്രിസഭ ശിപാർശ

തിരുവനന്തപുരം: റേഷന്‍ കടകളിലൂടെ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്ത ഇനത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് കമീഷന്‍ കുടിശ്ശിക നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. 2021 മേയിൽ റേഷന്‍ കടകള്‍ വഴി 85,29,179 കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. കിറ്റൊന്നിന് അഞ്ചു രൂപ നിരക്കില്‍ 4,26,45,895 രൂപയാണ് അനുവദിക്കുക.

അടുത്ത ഓണത്തിന് സൗജന്യക്കിറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. നേരത്തേ വിതരണം ചെയ്തതിന് കമീഷൻ നൽകിയില്ലെന്ന് റേഷൻ വ്യാപാരികൾ ചൂണ്ടിക്കാണിച്ച സാഹചര്യത്തിൽ കൂടിയാണ് തീരുമാനം.

33 തടവുകാർക്ക് ശിക്ഷ ഇളവ് 

സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികം പ്രമാണിച്ച് 33 തടവുകാർക്ക് ശിക്ഷ ഇളവ് നൽകാൻ മന്ത്രിസഭ ശിപാർശ നൽകി. പ്രത്യേക ശിക്ഷ ഇളവിന് അര്‍ഹരെന്ന് കണ്ടെത്തിയ തടവുകാര്‍ക്ക് ശേഷിക്കുന്ന ശിക്ഷാകാലം ഇളവ് നല്‍കി പുറത്തുവിടാനാണ് തീരുമാനം. ഇതിന് അനുമതി നൽകാൻ ഗവര്‍ണർക്ക് ശിപാർശ നൽകും. ഗവർണർ അംഗീകരിച്ചാൽ മാത്രമേ ഇതു നടപ്പാകൂ.

എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സര്‍വകലാശാലക്ക് 50 ഏക്കര്‍ ഏറ്റെടുക്കും

എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സര്‍വകലാശാലക്ക് കണ്ടെത്തിയ 100 ഏക്കര്‍ ഭൂമിയില്‍ സര്‍വകലാശാല വികസനത്തിന് അതിര് നിശ്ചയിച്ച 50 ഏക്കര്‍ കഴിച്ച് ബാക്കി 50 ഏക്കര്‍ ഏറ്റെടുക്കും. ഇവിടെ ട്രസ്റ്റ് റിസര്‍ച് പാര്‍ക്കിന് സമാനമായ സാങ്കേതികവിദ്യ വികസന പദ്ധതികള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍-സര്‍ക്കാര്‍നിയന്ത്രിത സ്ഥാപനങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യം. സാങ്കേതിക സര്‍വകലാശാലയുടെ പേരില്‍ കിഫ്ബി ഫണ്ടിങ് വഴിയാകും ഇത് ഏറ്റെടുക്കുക.

തസ്തിക മാറ്റും

കെ.എ.പി അഞ്ചാം ബറ്റാലിയനിൽനിന്ന് ഒരു ആംഡ് പൊലീസ് ഇൻസ്പെക്ടർ തസ്തിക പൊലീസ് ആസ്ഥാനത്തെ എക്സ് സെല്‍ യൂനിറ്റിലേക്ക് മാറ്റും. സിനിമ ഓപറേറ്റർ തസ്തിക നിർത്തി ആസ്ഥാനത്തെ എക്സ് സെല്‍ യൂനിറ്റിലേക്ക് ഒരു സിവിൽ പൊലീസ് ഓഫിസർ തസ്തിക സൃഷ്ടിക്കും. മറ്റു മൂന്നു തസ്തികകൾ നിർത്തലാക്കും. സാങ്കേതിക വിഭാഗം തസ്തികകളായ മേസൻ പി.സി (തിരുവനന്തപുരം സിറ്റി), റോണിയോ ഓപറേറ്റർ (പൊലീസ് ആസ്ഥാനം), ഡ്രാഫ്റ്റ്സ്മാൻ ഇലക്ട്രിക്കൽ (ടെലികമ്യൂണിക്കേഷൻ ആസ്ഥാനം) എന്നിവയാണ് നിർത്തലാക്കുക.

Tags:    
News Summary - Govt will pay commission for ration kit; Cabinet recommends release of 33 prisoners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.