നെല്ല് സംഭരണ കുടിശിക സമയ ബന്ധിതമായി വിതരണം ചെയ്യുമെന്ന് ജി.ആർ. അനിൽ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൽനിന്ന് അർഹമായ തുക അനുവദിക്കാത്ത സാഹചര്യത്തിലും കേരളത്തിലെ നെൽകർഷകർക്ക് കുടിശിക തുക സമയബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കുകയാണെന്ന് മന്ത്രി ജി.ആർ.അനിൽ. നെല്ല് സംഭരണത്തിന്റെ കേരളത്തിലെ നിർവഹണ ഏജൻസിയായ സപ്ലൈകോയുടെ മുൻവർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടുകൾ ലഭിച്ചതിനുശേഷം മാത്രമെ കേന്ദ്രസർക്കാർ അന്തിമമായി താങ്ങുവിലയുടെ ക്ലയിം തീർപ്പാക്കുകയുള്ളൂ.

സംഭരണവിലയുടെ ഒരു ഘടകമായ വേരിയബിൾ കോസ്റ്റിന്റെ അഞ്ച് ശതമാനം മാത്രം ഇത്തരത്തിൽ തടഞ്ഞുവെക്കുകയും ബാക്കി തുക അനുവദിക്കുകയുമാണ് വികേന്ദ്രീകൃത ധാന്യസംഭരണപദ്ധതി പ്രകാരം ചെയ്യേണ്ടിയിരുന്നതെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.

കേന്ദ്രം നൽകേണ്ട മൊത്തം തുകയുടെ രണ്ടു ശതമാനത്തിൽ താഴെ മാത്രമെ ഈ ഘടകം വരികയുള്ളൂ. കേരളത്തിന് നൽകാനുള്ള തുകയിൽ 2018-19 മുതൽ 2023-24 വരെയുള്ള കാലയളവിൽ തടഞ്ഞുവച്ചിരിക്കുന്ന 647 കോടി രൂപയിൽ 84.12 കോടി രൂപ മാത്രമെ ഈ വിധത്തിൽ ഓഡിറ്റ് റിപ്പോർട്ട് നൽകാത്തതിനാൽ ക്ലയിം അന്തിമമായി തീർപ്പാക്കപ്പെടാത്തതു കാരണം ലഭിക്കാതിരിക്കുന്നത്.

സർക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും ഉൾപ്പെട്ട സാമ്പത്തിക വിനിമയങ്ങളിൽ കണക്കുകൾ അന്തിമമായി തീർപ്പാക്കാൻ കാലതാമസം വരുന്നത് ഒരു സാധാരണരീതിയാണ്. 1600 ൽ അധികം ചില്ലറവില്പനശാലകളുടെ ശൃംഖലയുള്ള സപ്ലൈകോയുടെ ഓഡിറ്റ് സമ്പൂർണമാക്കുക എന്നത് ക്ലേശകരമാണെങ്കിലും അതിനുള്ള തീവ്രയത്‌നം നടന്നുവരികയാണ്. എന്നാൽ നെല്ല് സംഭരണത്തിന്റെ നോഡൽ ഏജൻസിയായ സപ്ലൈകോ ഗ്യാരന്റി നിന്ന് പൊതുമേഖലാബാങ്കുകളിൽ നിന്നും പി.ആർ.എസ്. വായ്പയായി സംസ്ഥാനത്തെ കർഷകർക്ക് നല്കി കഴിഞ്ഞു.

കർഷകർക്ക് സാമ്പത്തികബാധ്യത വരാതെ കാലാകാലങ്ങളിൽ തിരിച്ചടവ് നടത്തുന്നതുമായ തുക കേന്ദ്ര സർക്കാർ അനുവദിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ടൈഡ് ഓവർ വിഹിതമായി ലഭിക്കുന്ന അരി കേന്ദ്രം നിശ്ചയിച്ച പ്രതിമാസപരിധി മറികടന്നുകൊണ്ട് ഓണം പോലുള്ള ഉത്സവവേളകളിൽ നടത്തിയ അരി വിതരണം, മുൻഗണനേതര വിഭാഗങ്ങൾക്ക് നല്കിയ സബ്‌സിഡി അരി വിതരണം ഇവയുടെ പേരിൽ വെട്ടിക്കുറവ് വരുത്തിയിരിക്കുകയാണ്. എന്നാൽ ഇത്തരം നടപടികൾ മൂലമുണ്ടാകുന്ന പ്രയാസങ്ങൾ കർഷകരെ ബാധിക്കാതിരിക്കാൻ എല്ലാ ശ്രമങ്ങളും സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്.

മുൻവർഷങ്ങളിൽ സംഭരിച്ച നെല്ലിന്റെ വില പൂർണമായും കൊടുത്തുതീർത്തു. 2023-24 സംഭരണവർഷത്തെ രണ്ടാം വിളയിൽ 1,98,755 കർഷകരിൽ നിന്നായി സംഭരിച്ച 5.59 ലക്ഷം മെട്രിക് ടണ്ണിന്റെ വിലയായ 1584.11 കോടി രൂപയിൽ ഇനി 3486 കർഷകർക്കായി 25.64 കോടി രൂപ മാത്രമെ നല്കാനുള്ളൂ. ഇതിനായി സംസ്ഥാന സർക്കാർ 50 കോടി രൂപ ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ തുക വിതരണം പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - G.R. Anil said that the rice storage dues will be distributed in a time bound manner.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.