രാജേന്ദ്ര ബാബു, സന്ധ്യ, സമർത്ഥ്​

മരണയാത്രയിൽ മുത്തശ്ശനും മുത്തശ്ശിയും പേരമകനും ഒരുമിച്ച്....

ഒല്ലൂര്‍ (തൃശൂർ): വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാൻ പോകവെ കാർ പുഴയിലേക്ക് മറിഞ്ഞ് ദമ്പതികളും ആറ് വയസ്സുള്ള പേരമകനും മരണപ്പെട്ടത് നാടിന് നൊമ്പരമായി. ചീരാച്ചി യശോറാം ഗാര്‍ഡൻ 'ശ്രീവിഹാറി'ല്‍ രാജേന്ദ്ര ബാബു (66), ഭാര്യ വടൂക്കര മുത്രത്തില്‍ വീട്ടില്‍ സന്ധ്യ (60), മകൾ സ്​നേഹയുടെ മകൻ സമർത്ഥ്​ എന്നിവരാണ്​ മരിച്ചത്​. രാജേന്ദ്രബാബുവിന്‍റെ മകന്‍ ശരത്തിനെ (30) നാട്ടുകാർ രക്ഷപ്പെടുത്തി.

തിങ്കളാഴ്ച ഉച്ചക്ക്​ 12.45ഓടെയായിരുന്നു അപകടം. വിവാഹത്തില്‍ പങ്കെടുക്കാന്‍ കാറിൽ ആറാട്ടുപുഴ ബണ്ട് റോഡിലൂടെ പോകുമ്പോള്‍ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ ഒതുക്കിയതോടെ പുഴയിലേക്ക് തെന്നിമറിയുകയായിരുന്നു. കാര്‍ കരയിലേക്ക് അടുപ്പിച്ച് കുടുങ്ങിയവരെ പുറത്തെടുക്കാൻ 20 മിനിറ്റ് വേണ്ടിവന്നു. അതിനകം രാജേന്ദ്ര ബാബുവും സമർത്ഥും മരിച്ചു. സന്ധ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജേന്ദ്ര ബാബുവാണ് കാര്‍ ഓടിച്ചതെന്ന്​ പറയുന്നു.


കൊല്ലം കുണ്ടറ പുനുക്കനൂര്‍ സ്വദേശിയായ കീഴുട്ട് പുത്തന്‍വീട്ടില്‍ രാജേന്ദ്ര ബാബു ആൻഡമാനിൽ വനം വകുപ്പ് ഉദ്യോഗസ്ഥനും സന്ധ്യ അവിടെ അധ്യാപികയുമായിരുന്നു. രണ്ട് വര്‍ഷം മുമ്പ്​ വിരമിച്ച ശേഷം ചീരാച്ചി യശോറാം ഗാര്‍ഡനിൽ താമസമാക്കി. മകന്‍ ശരത്ത് ഹൈദരാബാദിൽ സോഫ്റ്റ് വെയര്‍ എൻജിനീയറാണ്​. മകള്‍ സ്‌നേഹക്ക്​ ബംഗളൂരുവിലാണ്​ ജോലി. സ്​നേഹയുടെ ഭർത്താവ്​ ശ്യാം ആദിത്യ വിദേശത്താണ്. സ്​നേഹ - ശ്യാം ആദിത്യ ദമ്പതികളുടെ ഏക മകനാണ്​ മരിച്ച സമർത്ഥ്.

മകളോടൊപ്പം ബംഗളൂരുവിലായിരുന്ന രാജേന്ദ്ര ബാബുവും സന്ധ്യയും രണ്ട്​ ദിവസം മുമ്പാണ്​ വിവാഹത്തിൽ പ​ങ്കെടുക്കാൻ ചീരാച്ചിയിൽ എത്തിയത്​. സ്​നേഹ, അമ്മാവന്‍ ശശി മേനോനും അമ്മായി ഹേമക്കുമൊപ്പം മകൻ സമർത്ഥുമൊത്ത്​ ഞായറാഴ്ച വന്നു. തിങ്കളാഴ്ച വിവാഹത്തില്‍ പങ്കെടുക്കാൻ രണ്ട് കാറുകളിലായാണ്​ ഇവർ ചീരാച്ചിയില്‍നിന്ന് തിരിച്ചത്.

ആദ്യത്തെ കാറിലാണ് അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ചിരുന്നത്. പിന്നിലെ കാറിലാണ് ശശി മേനോനും ഹേമയും സ്‌നേഹയുമുണ്ടായിരുന്നത്​. മുന്നിലെ കാർ പുഴയിലേക്ക്​ വീണ്​ അധികം വൈകാതെ സ്​നേഹ സഞ്ചരിച്ച കാർ അവിടെയെത്തി. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആക്ട്​സ് പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്.

Tags:    
News Summary - Grandfather grandmother grandson died in car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.