രാഹുൽ ഗാന്ധി വയനാട് മത്സരിക്കുന്നതിനെതിരെ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് ഇസ്മാഈൽ സാഹിബിന്റെ ചെറുമകൻ എം.ജി. ദാവൂദ് മിയാഖാൻ രംഗത്ത്. രാഹുലിനയച്ച തുറന്ന കത്തിലാണ് ഖാഇദേ മില്ലത്ത് കോളജ് ഫോർ മെൻ സെക്രട്ടറികൂടിയായ മിയാഖാന്റെ അഭ്യർഥന. തമിഴ്നാട്ടിലെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തിൽ രാഹുൽ മത്സരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കത്തിന്റെ പൂർണരൂപം ഇങ്ങനെ:
പ്രിയപ്പെട്ട രാഹുൽ ഗാന്ധി,
വരുന്ന പൊതുതെരഞ്ഞെടുപ്പിൽ താങ്കൾ വീണ്ടും കേരളത്തിലെ വയനാട് ലോക്സഭ മണ്ഡലത്തിൽനിന്ന് ജനവിധി തേടാനൊരുങ്ങുന്നു എന്നറിഞ്ഞു. സി.പി.ഐ നേതാവും ആൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജക്ക് എതിരെ താങ്കൾ മത്സരിക്കുന്നത് നിരാശജനകമാണ്. കേരളത്തിൽ രണ്ട് മുന്നണികളായി നിന്ന് മത്സരിക്കുന്നവരാണെങ്കിലും വർഗീയ രാഷ്ട്രീയത്തിനെതിരെ രൂപംനൽകിയ ഇൻഡ്യ സഖ്യത്തിന്റെ തൂണുകളാണ് എൽ.ഡി.എഫും യു.ഡി.എഫും.
ബി.ജെ.പിയെപ്പോലുള്ള ഫാഷിസ്റ്റ് ശക്തികളെ ചെറുക്കാനും ജനാധിപത്യത്തിലും നിയമവാഴ്ചയിലും അധിഷ്ഠിതമായ നീതിനിഷ്ഠമായ സർക്കാർ സ്ഥാപിക്കുന്നതിനുമുള്ള പരിശ്രമങ്ങളിൽ എന്നും എപ്പോഴും മുന്നിൽനിന്നിട്ടുണ്ട് ഇടതുപാർട്ടികൾ. കോൺഗ്രസിന്റെ ഉന്നത നേതാവ് എന്നനിലയിൽ സുരക്ഷിതമായി ജയിച്ച് സഭയിലെത്താൻ താങ്കൾക്കു മുന്നിൽ നിരവധി വഴികളുണ്ട്.
ഒരു സർക്കാറിനെ നയിക്കാൻ താങ്കൾ മികച്ചരീതിയിൽ തിരഞ്ഞെടുക്കപ്പെടേണ്ടത് അത്യാവശ്യമാണെങ്കിലും സർക്കാറിനെ സുരക്ഷിതമായി മുന്നോട്ടുനടത്താൻ പാർലമെന്റിൽ ഇടതുപക്ഷ അംഗങ്ങളുടെ ശക്തമായ സാന്നിധ്യവും ഏറെ പ്രാധാന്യമർഹിക്കുന്നു.
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സ്ഥാപക പ്രസിഡന്റായിരുന്ന ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഇൽ സാഹിബിന്റെ ചെറുമകൻ എന്നനിലയിൽ, അഞ്ച് പതിറ്റാണ്ടിലേറെയായി മലബാർ പ്രദേശത്തെ വോട്ടർമാരുമായി അടുത്ത ബന്ധമുണ്ടെനിക്ക്. സി.പി.ഐ നേതാവിന് അനുകൂലമായി വോട്ടുകൾ നീങ്ങാൻ പോലും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വയനാട് ഒഴിവാക്കി തമിഴ്നാട്ടിലെ സുരക്ഷിത മണ്ഡലങ്ങളിലൊന്ന് മത്സരത്തിനായി തിരഞ്ഞെടുക്കണമെന്ന് അഭ്യർഥിക്കുന്നു. ഇവിടെ താങ്കളുടെ ഉജ്ജ്വല ഭൂരിപക്ഷം ഞങ്ങൾ ഉറപ്പാക്കുമെന്നും അറിയിക്കട്ടെ.
എം.ജി. ദാവൂദ് മിയാഖാൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.