തിരുവനന്തപുരം: ഇടുക്കിയിൽ പട്ടയഭൂമിയിലും സർക്കാർ പുറമ്പോക്കിലും നിയമവിരുദ്ധമായി കരിങ്കൽ ക്വാറിക്ക് അനുമതി നൽകുന്നതിൽ മുഖ്യപങ്ക് വഹിച്ച റവന്യൂ, മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമെൻറ റിപ്പോർട്ട്. ഉദ്യോഗസ്ഥർ നടത്തിയ നിയമലംഘനത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തണമെന്നും കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ ശിപാർശ ചെയ്തു. നിലം നികത്താനും അവിടെ ക്രഷർ യൂനിറ്റ് പ്രവർത്തിപ്പിക്കാനും ജലസ്രോതസ്സുകൾ നശിപ്പിക്കാനും കോടിക്കണക്കിന് രൂപയുടെ പാറ അനധികൃതമായി പൊട്ടിക്കാനും ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
ക്വാറി ഉടമയെ സഹായിക്കാൻ ഉദ്യോഗസ്ഥർ റവന്യൂ രേഖകൾ ബോധപൂർവം മറച്ചുവെച്ചെന്ന് പരിശോധനയിൽ കണ്ടെത്തി. നെടുങ്കണ്ടം പന്തപ്പള്ളിയിൽ സജി ഉലഹന്നാെൻറ കൊന്നത്തടി വില്ലേജിലെ തിങ്കൾകാട് എന്ന സ്ഥലത്തെ ക്വാറിയുമായി ബന്ധപ്പെട്ട വില്ലേജ്, താലൂക്ക് ഓഫിസുകളിലെ ഫയലുകളും അനുബന്ധ രേഖകളുമാണ് പരിശോധിച്ചത്. 2012 ഡിസംബർ 17ന് കൊന്നത്തടി വില്ലേജ് ഓഫിസിൽനിന്ന് (സർവേ നമ്പർ 6858/12) നൽകിയ സാക്ഷ്യപത്രം അനുസരിച്ച് 1993ലെ വനഭൂമി ക്രമീകരിക്കൽ പ്രത്യേക ചട്ടപ്രകാരം കൃഷി, വാസഗൃഹ നിർമാണം, ചെറിയ കടകളുടെ നിർമാണം എന്നീ പ്രവർത്തനത്തിന് മാത്രമേ ഭൂമി വിനിയോഗിക്കാവൂവെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ, ഇതേ ചട്ടമനുസരിച്ച് 225 സർവേ നമ്പറിൽ ആറ്, ഏഴ്, എട്ട്, ഒമ്പത്, 12 എന്നീ സബ്ഡിവിഷനിൽ ഉൾെപ്പട്ട ഭൂമിയുടെ കാര്യത്തിൽ ‘പ്രത്യേക ആവശ്യത്തിന് പതിച്ചുനൽകിയ ഭൂമിയല്ല’ എന്ന വസ്തുതകൾ മറച്ചുവെച്ച് വില്ലേജ് ഓഫിസർ സാക്ഷ്യപത്രം നൽകി. ഒരേ വില്ലേജ് ഒാഫിസറാണ് അടുത്തടുത്ത സർേവ നമ്പറുകളിലെ ഭൂമിക്ക് വ്യത്യസ്ത സാക്ഷ്യപത്രം നൽകിയത്. ഇത് കരിങ്കൽ ഖനനത്തിനുള്ള ശിപാർശയായിരുന്നു.
സർവേ നമ്പർ 2298/12ൽ ഖനനം തുടരുന്നതിനുള്ള അനുമതിക്കായി ക്വാറിയുടമ അപേക്ഷ നൽകിയപ്പോൾ വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു. പട്ടയം നൽകിയ ഭൂമിയിൽ ജലസ്രോതസ്സുകൾ ഇല്ലെന്ന് ക്വാറി ഉടമക്ക് അകൂലമായി റിപ്പോർട്ട് നൽകി. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് 2015 ഡിസംബർ ആറിന് ഇടുക്കി തഹസിൽദാർ കത്ത് നൽകി. വില്ലേജ് ഓഫിസർ നൽകിയ മറുപടിയിൽ 1993െല ചട്ടപ്രകാരം ‘പ്രത്യേക ആവശ്യങ്ങൾക്കായി പതിച്ചുനൽകിയ ഭൂമിയല്ലെന്ന്’ വ്യക്തമാക്കി.
2017 മാർച്ച് ആറിലെ ഹൈകോടതി ഉത്തരവ് അനുസരിച്ച് ജില്ല ജിയോളജിസ്റ്റ് കരിങ്കൽ ക്വാറിയിൽ നേരിട്ട് പരിശോധന നടത്തി. എന്നാൽ, 78,400 ക്യുബിക് മീറ്റർ കരിങ്കല്ല് സർക്കാർ ഭൂമിയിൽനിന്ന് പൊട്ടിച്ചെടുത്ത വിവരം മറച്ചുവെച്ചാണ് റിപ്പോർട്ട് നൽകിയത്. ഏലമലക്കാടുകളിലെ ഖനനം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർക്ക് 2013 ഡിസംബർ 17ന് കത്ത് നൽകിയിരുന്നു.
പരിസ്ഥിതിവകുപ്പിെൻറ അനുമതിയും വനംവകുപ്പിെൻറ നിരാക്ഷേപ പത്രവുമില്ലാത്ത ഖനനം നിർത്തിവെക്കാനായിരുന്നു നിർദേശം. എന്നാൽ, ഉന്നതല നിർദേശം ലഭിച്ചിട്ടും അനധികൃത ക്വാറികൾക്കെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയാറായില്ല. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ക്വാറിയുടമ വിലക്കെടുത്ത് നിയമലംഘനങ്ങൾ നടത്തിയെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.