കൊച്ചി: നടപടി നേരിടുന്ന സർക്കാർ ഉദ്യോഗസ്ഥർ സർവിസിൽനിന്ന് വിരമിച്ചാലും ഗ്രാറ്റ്വിറ്റി ആനുകൂല്യം നിഷേധിക്കാനാകില്ലെന്ന് ഹൈകോടതി. ഗുരുതര കുറ്റാരോപണങ്ങളുടെ പേരിൽ നടപടി നേരിടുന്നവരുടെ ഡെത്ത്-കം റിട്ടയർമെൻറ് ഗ്രാറ്റ്വിറ്റി (ഡി.സി.ആർ.ജി) തടയാൻ സഹായകമായ കേരള സർവിസ് ചട്ടം-മൂന്ന് എയിൽ പ്രതിപാദിക്കുന്ന വ്യവസ്ഥ റദ്ദാക്കിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് വി.ജി. അരുൺ, ജസ്റ്റിസ് ടി.ആർ. രവി എന്നിവരടങ്ങുന്ന ഫുൾ ബെഞ്ചിെൻറ ഉത്തരവ്.
വിജിലൻസ് കേസുകളിൽ ശിക്ഷിച്ചത് ചോദ്യംചെയ്യുന്ന അപ്പീൽ നിലവിലിരിക്കെ ഗ്രാറ്റ്വിറ്റി തടഞ്ഞതിനെതിരെ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെയും സപ്ലൈ ഓഫിസിലെയും റിട്ട. ഉദ്യോഗസ്ഥർ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചത് റദ്ദാക്കണമെന്ന സംസ്ഥാന സർക്കാർ ആവശ്യം കോടതി തള്ളി. അതേസമയം, ട്രൈബ്യൂണലിെൻറ പ്രതികൂല ഉത്തരവ് ചോദ്യംചെയ്ത് പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ റിട്ട. ഉദ്യോഗസ്ഥൻ കെ. ചന്ദ്രൻ നൽകിയ ഹരജി അനുവദിച്ചു. രണ്ട് ഉദ്യോഗസ്ഥർക്കും അർഹതപ്പെട്ട ഗ്രാറ്റ്വിറ്റിയും വിരമിച്ച തീയതിമുതൽ എട്ടുശതമാനം പലിശയും നൽകാൻ കോടതി നിർദേശിച്ചു.
മിനിമം അഞ്ചുവർഷം സർവിസുള്ള ജീവനക്കാർ മരിച്ചാലോ വിരമിച്ചാലോ അനുവദിക്കുന്ന ആനുകൂല്യമാണ് ഡെത്ത്-കം റിട്ടയർമെൻറ് ഗ്രാറ്റ്വിറ്റി. പെൻഷനും ഗ്രാറ്റ്വിറ്റിയും വിരമിക്കൽ ആനുകൂല്യങ്ങളിൽപെട്ടതാണെങ്കിലും ചട്ടത്തിൽ രണ്ടും വ്യത്യസ്തമായാണ് പറഞ്ഞിട്ടുള്ളത്.
ഗുരുതര കുറ്റമോ വീഴ്ചയോ അനാസ്ഥയോ മൂലം സാമ്പത്തിക നഷ്ടമുണ്ടാക്കിയ ഉദ്യോഗസ്ഥരുടെ പെൻഷനിൽനിന്ന് സാമ്പത്തികനഷ്ടം തിരിച്ചുപിടിക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ, ഗ്രാറ്റ്വിറ്റിയിൽനിന്ന് പിടിക്കാനാകില്ല. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരായ കോടതി, വകുപ്പുതല നടപടികൾ അനന്തമായി നീളുകയും പിന്നീട് കുറ്റവിമുക്തരാക്കുകയും ചെയ്താൽ ഗ്രാറ്റ്വിറ്റി തടയൽ കാരണമില്ലാത്ത ശിക്ഷയായി മാറും. ഗ്രാറ്റ്വിറ്റി നഷ്ടം പരിഹരിക്കപ്പെടുകയുമില്ല. തുടർന്നാണ് ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥ റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.