തിരുവനന്തപുരം: ഗവർണർ-സർക്കാർ പോരിലൂടെ കേരളത്തിലെ സർവകലാശാലകളിൽ കേന്ദ്രസർക്കാർ വഴി ഇടപെടാനുള്ള ബി.ജെ.പി ശ്രമവും ചർച്ചയാവുന്നു. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ബി.ജെ.പി സമ്മർദം ചെലുത്തിയെന്നും താൻ വഴങ്ങിയില്ലെന്നുമാണ് കഴിഞ്ഞദിവസം ഗവർണർ വെളിപ്പെടുത്തിയത്.
ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചെന്നും വേണ്ട തീരുമാനമെടുക്കാൻ താങ്കൾക്ക് അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞതായും ഗവർണർ പറഞ്ഞിരുന്നു. ഗവർണറുടെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ സർവകലാശാലകളിൽ പിടിമുറുക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളുടെ പ്രത്യക്ഷ തെളിവായാണ് വിലയിരുത്തുന്നത്. എം.ജി സർവകലാശാല സ്കൂൾ ഓഫ് ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് പ്രഫസറും ഡീനുമായിരുന്ന ഡോ. കെ.എം. സീതിയെ ആണ് കാലിക്കറ്റ് വി.സി പദവിയിലേക്ക് സർക്കാർ നിർദേശിച്ചത്. ഇടതുസഹയാത്രികനും സംഘ്പരിവാർ വിമർശകനുമായ ഡോ. സീതി വി.സി യാവുന്നത് തടയാനും തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയൻറിസ്റ്റ് സി.എ. ജയപ്രകാശിനെ നിയമിക്കാനും ബി.ജെ.പി ശ്രമിച്ചിരുന്നു. ഇതിൽ സെർച് കമ്മിറ്റി ഒന്നാമത്തെ പേരായി നിർദേശിച്ച കെ.എം. സീതിയുടെ പേര് വി.സി നിയമനം വൈകിപ്പിച്ച് ഗവർണർ തന്ത്രപരമായി വെട്ടുകയായിരുന്നു. 2020 മേയ് 18ന് കാലിക്കറ്റ് വി.സി നിയമന സെർച് കമ്മിറ്റി ചേരുകയും 19ന് തന്നെ മൂന്ന് പേരുടെ പാനൽ ഗവർണർക്ക് സമർപ്പിക്കുകയും ചെയ്തു. സാധാരണ പാനൽ സമർപ്പിക്കുന്ന അന്ന് തന്നെയോ തൊട്ടടുത്ത ദിവസങ്ങളിലോ നിയമനം നടത്തി ഗവർണർ ഉത്തരവിറക്കാറുണ്ട്.
എന്നാൽ മേയ് 28ന് കെ.എം. സീതിക്ക് 60 വയസ്സ് പൂർത്തിയാകുന്നത് വരെ ഗവർണർ നിയമനത്തിൽ തീരുമാനമെടുത്തില്ല. ഇതോടെ ഡോ.കെ.എം. സീതി പട്ടികയിൽ നിന്ന് പുറത്തായി. ഇതോടെ ജയപ്രകാശിനെ നിയമിക്കാൻ ബി.ജെ.പി കേന്ദ്രങ്ങൾ രാജ്ഭവന് മേൽ സമ്മർദം മുറുക്കി. സീതി പുറത്തായതോടെ പാനലിലെ മറ്റൊരാളായ ഡോ.എം.കെ. ജയരാജിനെ വി.സിയാക്കാനുള്ള താൽപര്യം സർക്കാർ പലതവണ ഗവർണറെ അറിയിച്ചു. രണ്ട് മാസത്തോളം വൈകി ജൂലൈയിലാണ് ഡോ. ജയരാജിനെ വി.സിയായി നിയമിച്ചത്. കാലിക്കറ്റ് വി.സി നിയമനത്തിൽ കേന്ദ്രസർക്കാറിനെ മുന്നിൽനിർത്തി ബി.െജ.പി നടത്തിയ നീക്കം ഒടുവിൽ ഗവർണറിലൂടെ തന്നെ പുറത്തുവരുകയായിരുന്നു.
ബി.ജെ.പി നോമിനിയെ നിയമിക്കാനുള്ള സമ്മർദത്തിന് വഴങ്ങിയില്ലെന്ന് പറഞ്ഞ ഗവർണർ, ഡോ.കെ.എം. സീതി വി.സിയാകരുതെന്ന ബി.ജെ.പി തീരുമാനത്തിന് കൂട്ടുനിെന്നന്നും വ്യക്തമായി.
നേരേത്ത സർക്കാർ നോമിനിയെ ഒഴിവാക്കിയാണ് ഡോ. മോഹൻ കുന്നുമ്മലിനെ ആരോഗ്യസർവകലാശാല വൈസ്ചാൻസലറായി നിയമിച്ചത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ താൽപര്യം അറിയിച്ചിട്ടും ഗവർണർ വഴങ്ങിയില്ല. നിയമനത്തിൽ ചരടുവലിച്ചത് കേന്ദ്രമന്ത്രിയായ ബി.ജെ.പി നേതാവാണെന്ന് ആരോപണം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.