ഭൂജല ഡയറക്ടറേറ്റിൽ രജിസ്റ്ററുകൾ എഴുതുന്നില്ലെന്ന് റിപ്പോർട്ട്; ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ശിപാർശ

കൊച്ചി: തിരുവനന്തപുരത്തെ ഭൂജല ഡയറക്ടറേറ്റിൽ ക്യാഷ് ബുക്കും ഓഫിസ് രജിസ്റ്ററുകളും എഴുതുന്നില്ലെന്ന് പരിശോധനാ റിപ്പോർട്ട്. ദീർഘകാലം രജിസ്റ്ററുകൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ സെക്ഷൻ ക്ലർക്കിനെതിരെ ഭരണ വകുപ്പ് കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ശിപാർശ നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് ഭൂജല വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം നടത്തിയത്.

പരിശോധനയിൽ ശമ്പള ബിൽ ഒഴികെ മറ്റ് ഇടപാടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ക്യാഷ് ബുക്കിൽ ധാരാളം പേജുകളിൽ മേലധികാരി സാക്ഷ്യപ്പെടുത്തിയിട്ടില്ല. ക്യാൻസൽ ചെയ്ത് പേജുകൾ പോലും ഉറപ്പുവരുത്തിയിട്ടില്ല. ക്യാഷ് ബുക്ക് കൈകാര്യം ചെയ്യുന്നതിൽ ബന്ധപ്പെട്ട സെക്ഷൻ ക്ലാർക്ക് അലംഭാവം കാട്ടി. മേലധികാരി രജിസ്റ്ററുകൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധിച്ചില്ലെന്നും പരിശോധനയിൽ വ്യക്തമായി.

കണ്ടിജൻറ് ബിൽ രജിസ്റ്റർ കൈകാര്യം ചെയ്യുന്നതിലും അപാകതകൾ കണ്ടെത്തി. 2020 ആഗസ്റ്റ് വരെ മാത്രമേ കണ്ടിജൻറ് ബിൽ രജിസ്റ്റർ എഴുതിയിട്ടുള്ളൂ. നിരവധി പേജുകളിൽ നമ്പർ രേഖപ്പെടുത്തുകയോ തീയതി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. 2019 ജനുവരി മൂന്ന് മുതൽ മുതൽ 2020 മാർച്ച് 16 വരെ രജിസ്റ്ററിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സാക്ഷ്യപ്പെടുത്തിയിട്ടില്ല. രജിസ്റ്റർ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച്ച സംബന്ധിച്ച് നിലവിലെ ഡി.ഡി.ഒക്ക് ഉചിതമായ വിശദീകരണം നൽകാനും കഴിഞ്ഞില്ല.

2020 ഒക്ടോബർ വരെയുള്ള കാലയളവിലെ ട്രഷറി ബിൽ ബുക്ക് കൈകാര്യം ചെയ്യുന്നതിലും നിരവധി അപാകതകൾ കണ്ടെത്തി. പൂരിപ്പിക്കേണ്ട പല കോളങ്ങളും പൂരിപ്പിച്ചിട്ടില്ല. ഡി.ഡി.ഒയുടെ സാക്ഷ്യപ്പെടുത്തൽ പല പേജുകളിലും കാണാനില്ല. കൃത്യമായി തീയതി രേഖപ്പെടുത്തിയിട്ടില്ല. പർച്ചേഴ്സ് രജിസ്റ്റർ, പേഴ്സണൽ രജിസ്റ്റർ, ഇൻക്രിമെൻറ് രജിസ്റ്റർ, എസ്റ്റാബ്ലിഷ്മെൻറ് രജിസ്റ്റർ, ടൂർ രജിസ്റ്റർ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് പരിശോധനയിൽ കണ്ടെത്തി.

രജിസ്റ്ററുകളുടെ മേൽനോട്ടത്തിൽ ബന്ധപ്പെട്ട മേലധികാരി ശ്രദ്ധ ചെലുത്തിട്ടില്ല. ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ എഴുതി നൽകുന്നതിന് ബന്ധപ്പെട്ട സെക്ഷൻ ക്ലാർക്ക് ജീവനക്കാരിൽനിന്ന് പ്രതിഫലം ആവശ്യപ്പെട്ടുവെന്ന് അന്വേഷണത്തിൽ മനസിലായി. എന്നാൽ, ഇക്കാര്യം ജീവനക്കാർ എഴുതി തരാൻ തയാറായില്ല. കെ.ടി.സി ചട്ട പ്രകാരമല്ല രജിസ്റ്ററുകൾ കൈകാര്യം ചെയ്തത്. ഓഫിസിൽ അനുവദിക്കപ്പെട്ട തസ്തികകളിൽ രണ്ടെണ്ണം ഒഴിഞ്ഞു കിടക്കുന്നതിനാൽ ഓഫീസിലെ ദൈനംദിന പ്രവർത്തനങ്ങളെ അത് സാരമായി ബാധിച്ചു. അതിൽ ചട്ടപ്രകാരം രജിസ്റ്റർ കൈകാര്യം ചെയ്യണമെന്ന് ഭൂജലവകുപ്പിന് കർശനനിർദേശം നൽകണണെന്ന് റിപ്പോർട്ടിൽ ശിപാർശ നൽകി.

ഓഫിസിൽ ഉപയോഗിച്ചിരിക്കുന്ന എല്ലാ രജിസ്റ്ററുകളിലും ധാരാളം പിശകുകളും വെട്ടിത്തിരുത്തലുകളുമുണ്ട്. അതോടൊപ്പം വേണ്ടത്ര സാക്ഷ്യപ്പെടുത്തലുകൾ ഇല്ലാതെയും യഥാസമയം എൻട്രികൾ വരുത്താതെയും തികഞ്ഞ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്നുമാണ്​ കണ്ടെത്തൽ. ഔദ്യോഗിക രജിസ്റ്ററുകളോടുള്ള ഇത്തരം സമീപനം അങ്ങേയറ്റം ഗൗരവമുള്ളതാണ്. എല്ലാ രജിസ്റ്ററുകളും ചട്ടം അനുശാസിക്കുന്ന തരത്തിൽ ഉപയോഗിക്കണം മേലിൽ ഇത്തരം വീഴ്ച വരുത്തുന്നവർക്ക് എതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഭരണ വകുപ്പിനോട് നിർദ്ദേശിക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തു.

ഔദ്യോഗിക വാഹന ഉപയോഗം സംബന്ധിച്ച് മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നില്ല. അതും പരിഹരിക്കണമെന്നാണ് നിർദേശം. ഓഫിസിലേക്ക് അനുവദിച്ച തസ്തികകളിൽ രണ്ടെണ്ണം ഒഴിഞ്ഞു കിടക്കുന്നതിനാൽ ഓഫീസിലെ ദൈനംദിന പ്രവർത്തനങ്ങൾ സുഖമായി നടക്കുന്നില്ല. ഈ സാഹചര്യത്തിൽ ഒഴിവുള്ള തസ്തികകളിൽ ഉടൻ നിയമനം നടത്തണം. ഓഫീസിൽ ഉപയോഗത്തിലിരിക്കുന്ന എല്ലാ രജിസ്റ്ററുകളുടെയും മേൽനോട്ടത്തിൽ നോട്ടപ്പിശകും അശ്രദ്ധയും ജാഗ്രതതക്കുറവും വരുത്തിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നിന്നും ഭരണവകുപ്പ് മതിയായ വിശദീകരണം തേടണമെന്നും റിപ്പോർട്ടിൽ ശിപാർശ നൽകി. 

Tags:    
News Summary - Groundwater Directorate does not Maintain Registers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.