ഗ്രോ വാസുവിനെ വെറുതെ വിട്ടു

കോഴിക്കോട്: റോഡിൽ പ്രതിഷേധിച്ചതിന്റെ പേരിലുള്ള കേസിൽ 46 ദിവസം ജാമ്യമെടുക്കാതെ റിമാൻഡിൽ കഴിഞ്ഞ എ. വാസു (ഗ്രോ വാസു) ജയിൽമോചിതൻ. നിലമ്പൂരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദി ​പ്രവർത്തകരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ച 2016 നവംബർ 26ന് റോഡിൽ പ്രതിഷേധിച്ചതിന്റെ പേരിലുള്ള കേസിലാണ് എ. വാസുവിനെ കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വി.പി. അബ്ദുൽ സത്താർ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്. ബുധനാഴ്ച ഉച്ചക്കുശേഷമാണ് അദ്ദേഹം ജില്ല ജയിലിൽനിന്ന് മോചിതനായത്.

വാസുവിനെതിരെ ചുമത്തിയ ശിക്ഷാനിയമം 283 (ഗതാഗത തടസ്സമുണ്ടാക്കൽ), 143 (അന്യായമായി സംഘം ചേരൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള കുറ്റമൊന്നും തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയാണ് നടപടി. അഭിഭാഷകനില്ലാതെയായിരുന്നു ​വാസു കേസിനെ നേരിട്ടത്. വാസുവിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയെന്ന് കാണിക്കുന്ന വിഡിയോയുടെ സി.ഡി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയെങ്കിലും തെളിവ് നിയമം 65 ബി പ്രകാരം പകർത്താൻ നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ നൽകേണ്ട സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

പ്രതി തന്നെയാണ് കുറ്റം ചെയ്തതെന്ന് വ്യക്തമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. മനുഷ്യാവകാശത്തിനും മറ്റും പ്രവർത്തിക്കുന്ന പൊതുപ്രവർത്തകൻ എന്ന നിലയിൽ പ്രതിയുടെ പേര് എഫ്.ഐ.ആറിൽ പരാമർശിക്കാനുള്ള സാധ്യതയേറെയാണ്. എന്നാൽ, അദ്ദേഹം കുറ്റം ചെയ്തെന്നതിന് തെളിവില്ല. അന്യായമായി സംഘം ചേരൽ, തടസ്സമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ പൊലീസ് അലക്ഷ്യമായി ചുമത്തുന്ന രീതിയുണ്ട്.

കുറ്റാരോപണം ബലപ്പെടുത്തുന്ന സ്വതന്ത്ര സാക്ഷിയായി ആകെയുള്ളയാൾ കൂറുമാറിയതായി പ്രഖ്യാപിക്കാൻ പ്രോസിക്യൂഷനു തന്നെ ആവശ്യപ്പെടേണ്ടിയും വന്നു. ഗതാഗത തടസ്സമുണ്ടായെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പലടക്കമുള്ള അധികൃതരോ മറ്റുള്ളവരോ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് പറയുന്നത് മാത്രമാണ് മുന്നിലുള്ളതെന്നും കോടതി നിരീക്ഷിച്ചു.

രാവിലെ 11ന് വിളിച്ചശേഷം മാറ്റി​െവച്ച കേസിൽ 12.20 ഓടെയാണ് വിധി പറഞ്ഞത്. വാസു മുദ്രാവാക്യം വിളിക്കുന്നത് കോടതിയിൽ ശല്യമാവുന്നതിനാൽ അദ്ദേഹത്തെ ഓൺലൈനായി ഹാജരാക്കിയാൽ മതിയെന്ന് കോടതി നിർദേശം നൽകിയിരുന്നു. ​വിധി വന്നയുടൻ പ്രതിയെ വിട്ടയക്കാനുള്ള ഉത്തരവ് ഇ -മെയിലായി ​ജയിലിൽ എത്തി വൈകുന്നേരം മൂന്നിനു ശേഷമാണ് വാസു പുറത്തിറങ്ങിയത്.

കേസിൽ മൊത്തം 20 പ്രതികളിൽ 17 പേരെ കോടതി വെറുതെവിട്ടിരുന്നു. രണ്ടുപേർ 200 രൂപ വീതം പിഴയടച്ചു. വാസു ഹാജരാവാത്തതിനാൽ വാറന്റു പുറപ്പെടുവിച്ചതിനെത്തുടർന്ന് ജൂലൈ 29നാണ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ജാമ്യമെടുക്കാനോ കുറ്റം സമ്മതിച്ച് പിഴയടക്കാനോ തയാറാവാത്ത അദ്ദേഹം അന്നു മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു.

Tags:    
News Summary - Grow Vasu acquitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.