കോഴിക്കോട്: മാവോവാദി പ്രവർത്തകരെ പൊലീസ് എറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചതിന്റെ പേരിൽ എടുത്ത കേസിൽ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിന്റെ റിമാൻഡ് നീട്ടി. 2016ൽ പ്രതിഷേധ പ്രകടനം നടത്തിയെന്ന കേസിൽ കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് വി.പി. അബ്ദുൽ സത്താറാണ് ആഗസ്റ്റ് 25 വരെ റിമാൻഡ് നീട്ടിയത്.
കുറ്റം സമ്മതിക്കാനോ ജാമ്യാപേക്ഷ നൽകാനോ വിസമ്മതിച്ചതിനാൽ അദ്ദേഹത്തെ റിമാൻഡ് ചെയ്ത് പെട്ടെന്ന് സാക്ഷി വിസ്താരം തുടങ്ങാൻ ഒന്നുമുതല്‍ നാലുവരെ സാക്ഷികള്‍ക്ക് സമന്‍സ് അയക്കാൻ കോടതി ഉത്തരവിട്ടു. വെള്ളിയാഴ്ച രാവിലെ വാസുവിനെ ജില്ല ജയിലിൽനിന്ന് വിഡിയോ കോൺഫറൻസ് വഴി ഹാജരാക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും കുറ്റം വായിച്ച് കേൾപ്പിക്കാനും മറ്റും നേരിട്ട് ഹാജരാക്കാൻ കോടതി ഉത്തരവിടുകയായിരുന്നു
ഉച്ചയോടെ എത്തിയ വാസുവിന് കോടതി കുറ്റം വായിച്ചു കേൾപ്പിച്ചു. നിലമ്പൂര്‍ കരുളായി കാട്ടില്‍ 2016 നവംബര്‍ 26ന് കൊല്ലപ്പെട്ട മാവോവാദി നേതാക്കൾ കുപ്പുദേവരാജ്, അജിത എന്നിവരുടെ മൃതദേഹം കോഴിക്കോട് എത്തിച്ചപ്പോൾ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് അന്യായമായി കൂട്ടം കൂടി മുദ്രാവാക്യം വിളിച്ച് വഴി തടസ്സപ്പെടുത്തിയെന്ന കുറ്റം മജിസ്ട്രേറ്റ് വായിച്ചു. കുറ്റം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ കുറ്റത്തെപ്പറ്റി നേരത്തെ പറഞ്ഞതാണെന്നും സംഭവത്തെക്കുറിച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിലും കോടതിയിലും നിയമവ്യവസ്ഥയുള്ളത് അംഗീകരിക്കണമെന്നും വക്കീലിനെക്കൊണ്ട് വാദിപ്പിച്ച് കേസ് ജയിക്കാമല്ലോ എന്നും കോടതി ചോദിച്ചു. എന്നാൽ രണ്ടുതരം നിയമവ്യവസ്ഥ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വാസു മറുപടി നൽകി. അഭിഭാഷകനെ വെക്കുന്നുവോയെന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മറുപടി. പിഴ ആയിരം രൂപയില്‍ താഴെ മാത്രമേ ഉണ്ടാകൂ എന്നും ബാക്കിയുള്ളവർ പണമടച്ചപോലെ ആയിക്കൂടെയെന്നും കോടതി പിന്നെയും തിരക്കി. തനിക്ക് ജീവിതത്തിൽ ഒരു തത്ത്വമുണ്ടെന്നും അത് മറ്റുള്ളവരുടെ തീരുമാനം പോലെയല്ലെന്നും ഇന്നലെ വരെ പാലിച്ച തത്ത്വം നാളെയും തുടരാനാണ് ആഗ്രഹമെന്നുമായിരുന്നു മറുപടി.
കുപ്പുദേവരാജ്, അജിത എന്നിവരടക്കം എട്ട് ആളുകളെ പശ്ചിമഘട്ടത്തില്‍ വെടിവെച്ചുകൊന്നിട്ടും അന്വേഷിക്കാതെ അതിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കുന്ന ഇരട്ട നീതിക്കെതിരെ പോരാട്ടം തുടരുമെന്ന് വാസു കോടതി നടപടികൾക്കു ശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. രക്തസാക്ഷികളെ അനുസ്മരിച്ചതിനും പ്രതിഷേധ യോഗം ചേർന്നതിനുമാണ് തനിക്കെതിരെ കേസെടുത്തത്. കോടതിയോട് എതിര്‍പ്പില്ല. രണ്ടുതരം നീതി നടപ്പാക്കുന്നതിനെപ്പറ്റിയാണ് കോടതിയില്‍ പറഞ്ഞത്. 50 കൊല്ലമായി പ്രത്യേക പാര്‍ട്ടിയൊന്നും തനിക്കില്ല. മാര്‍ക്‌സിസം, ലെനിനിസം അടിസ്ഥാനമാക്കിയാണ് ജീവിതം. വീട്ടില്‍ കിടന്നതിനേക്കാള്‍ കാലം ജയിലിൽ കിടന്നയാളാണ് താൻ. പിണറായി ഏറ്റവും വലിയ കമ്യൂണിസ്റ്റാണെന്ന് ജനം വിചാരിക്കുന്നു. എന്നാല്‍ അദ്ദേഹം ഏറ്റവും വലിയ കോര്‍പറേറ്റ് ആകാനാണ് നോക്കുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലാവുന്നില്ല. മനസ്സിലാവുന്ന കാലത്തോളം താന്‍ ജീവിച്ചിരിക്കുമെന്ന് തോന്നുന്നുമില്ല. ഉള്ളിടത്തോളം കാലം പ്രതിഷേധം തുടരുമെന്നും വാസു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.