തിരുവനന്തപുരം: രാജ്യത്തെ നികുതിസംവിധാനത്തിലെ അനീതിയായി ജി.എസ്.ടി മാറിയതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ജി.എസ്.ടി കൗൺസിലിന്‍റെ പുതിയ തീരുമാനം. ഇടതുപക്ഷത്തിന് സംശയങ്ങൾ ബാക്കിനിന്നപ്പോഴും ജി.എസ്.ടിയെ സ്വാഗതം ചെയ്ത മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കിന്‍റെ എടുത്തുചാട്ടത്തിന്‍റെ ദുർഫലമാണ് സംസ്ഥാനം അനുഭവിക്കുന്നതെന്നാണ് വിമർശനം.

പ്രത്യക്ഷ നികുതികൾ കുറക്കുകയും സാധാരണക്കാരന്‍റെ പോക്കറ്റടിക്കുന്ന പരോക്ഷനികുതികൾ കൂട്ടുകയുമാണ് ജി.എസ്.ടി കൗൺസിൽ ചെയ്യുന്നത്. സംസ്ഥാനങ്ങൾ തമ്മിൽ സമവായത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് പറയുമ്പോൾ തിങ്കളാഴ്ച മുതൽ നിലവിൽ വരുന്ന പുതിയ നികുതി ബാധ്യതയെക്കുറിച്ച് സംസ്ഥാന ധനമന്ത്രി അടക്കം ഇരുട്ടിലാണ്.

1990കളിൽ നവഉദാരീകരണ നയങ്ങൾ നടപ്പാക്കിയത് മുതലാണ് ആദായം ലഭിക്കുന്നവരുടെയും ലാഭം നേടുന്നവരുടെയും നികുതികൾ കുറച്ച് പകരം സർവിസ് ടാക്സുകൾ സാധാരണക്കാരുടെ മേൽ ചുമത്താൻ തുടങ്ങിയത്.

ഭക്ഷ്യധാന്യങ്ങൾക്ക് നികുതി നൽകേണ്ടിവരുന്ന അവസ്ഥ മുൻകാലത്ത് കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല. മുൻകൂട്ടി പാക്ക് ചെയ്തതും ലേബൽ പതിച്ചതും അല്ലാത്തതുമായ എല്ലാ വസ്തുക്കളെയും ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണിപ്പോൾ. സാധാരണക്കാരെയും ദരിദ്രവിഭാഗത്തിൽപെട്ടവരെയുമാകും ഇതു കൂടുതൽ ബാധിക്കുക.

നാട്ടിൻപുറങ്ങളിൽ പോലും തൂക്കി ചില്ലറ വിൽപന നടത്തുന്ന പലവ്യഞ്ജന കടകൾ അപ്രത്യക്ഷമായ സാഹചര്യത്തിൽ സർക്കാറിനും ഇടപെടാനാവില്ല. ജി.എസ്.ടി നടപ്പാക്കുന്നതിലൂടെ സാധാരണക്കാരായ കർഷകർക്ക് ഒരു ഗുണവും ലഭിക്കില്ല. വ്യക്തിഗതമായി കൃഷി ചെയ്യുന്നവർ ജി.എസ്.ടിയിൽ രജിസ്റ്റർ ചെയ്യാത്തതിനാൽ ഇളവ് ലഭിക്കില്ല. എന്നാൽ, ഇവരിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങുന്ന സ്ഥാപനങ്ങൾക്ക് ജി.എസ്.ടി രജിസ്ട്രേഷൻ ഉള്ളതിനാൽ നികുതി ഇളവ് ലഭിക്കും. ഫലത്തിൽ വ്യക്തിഗത കർഷകർ കൂടിയ വിലയ്ക്ക് ഉൽപന്നങ്ങൾ വിൽക്കാൻ നിർബന്ധിതരാവുകയും വിലക്കുറവിൽ എത്തുന്ന ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ വിപണിയിൽനിന്ന് പുറന്തള്ളപ്പെടുകയും ചെയ്യും.

അസംഘടിതമേഖലക്ക് മുകളിൽ ആണിയടിക്കുന്ന സംവിധാനമായി ജി.എസ്.ടി മാറുകയാണെന്ന വിമർശനം ധനശാസ്ത്രജ്ഞർക്കുണ്ട്.

Tags:    
News Summary - GST is unfair in the tax system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT