കാമ്പസുകളിലെ പരിപാടികൾക്ക് മാർഗനിർദേശം ഒരുങ്ങുന്നു

കൊച്ചി: കാമ്പസുകളിൽ വിദ്യാർഥികൾ പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിന് മാർഗരേഖ ഒരുങ്ങുന്നതായി സർക്കാർ ഹൈകോടതിയിൽ. കൊച്ചി സർവകലാശാലയിൽ നാലുപേരുടെ മരണത്തിനിടയാക്കിയ ദുരന്തം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിലാണ് ഇക്കാര്യം അറിയിച്ചത്.

സർവകലാശാലകളിലും കോളജുകളിലും കൃത്യമായ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇനി പരിപാടികൾക്ക് അനുമതി നൽകുക. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് മാർഗനിർദേശങ്ങൾ തയാറാക്കുന്നത്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധ വേണമെന്ന് ഓർമിപ്പിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, മാർഗരേഖയുടെ പകർപ്പ് ഹാജരാക്കാൻ ആവശ്യപ്പെട്ടു. സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥികൾ സംഘടിപ്പിച്ച ടെക്ക് ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ച് നവംബർ 25നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. നിലവിലെ അന്വേഷണങ്ങൾ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ദുരന്തത്തിന് കാരണമായിട്ടുണ്ടെന്നും സമഗ്രാന്വേഷണം ആവശ്യമാണെന്നും കഴിഞ്ഞ ദിവസം പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. സബ് ഡിവിഷനൽ മജിസ്ട്രേറ്റിന്‍റെയും സിൻഡിക്കേറ്റ് ഉപസമിതിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെയും നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന്‍റെ റിപ്പോർട്ട് എത്രയുംവേഗം ഹാജരാക്കാൻ നിർദേശിക്കണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടു. ഇവ സമർപ്പിക്കാൻ സർക്കാറിനോടും സർവകലാശാലയോടും ആവശ്യപ്പെട്ട കോടതി, ഹരജി ഫെബ്രുവരി രണ്ടിലേക്ക് മാറ്റി.

അതേസമയം, തന്നെയും രണ്ട് അധ്യാപകരെയും പൊലീസ് ബലിയാടാക്കുന്നുവെന്ന് കാട്ടി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് മുന്‍ പ്രിന്‍സിപ്പല്‍ ദീപക് കുമാര്‍ സാഹൂ ഹൈകോടതിയിൽ സത്യവാങ്മൂലം നൽകി. പരിപാടി സംബന്ധിച്ച് പൊലീസിനെ അറിയിച്ചിരുന്നില്ലെന്നും മുൻകരുതൽ എടുത്തില്ലെന്നുമുള്ള റിപ്പോർട്ട് ശരിയല്ല. സർവകലാശാലയിൽ നടക്കുന്ന പരിപാടികളിൽ പൊലീസ് സുരക്ഷ ഉറപ്പാക്കേണ്ടത് രജിസ്ട്രാറാണ്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവശ്യമായ സുരക്ഷ മുൻകരുതൽ വേണമെന്ന് രജിസ്ട്രാറോട് താൻ അഭ്യർഥിച്ചിരുന്നു. പരിപാടിക്ക് 4000 പേർ എത്തിയെന്ന റിപ്പോർട്ടും ശരിയല്ല. 400-500 പേർ ഓഡിറ്റോറിയത്തിനുള്ളിലും 600-1000 പേർ പുറത്തുമാണ് ഉണ്ടായിരുന്നത്. രജിസ്ട്രാറെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നവിധം സംഘാടകരെ കുറ്റപ്പെടുത്തിയാണ് ഈ റിപ്പോർട്ടെന്നും അതിനാൽ, ജുഡീഷ്യല്‍ അന്വേഷണം തന്നെയാണ് വേണ്ടതെന്നും ദീപക് കുമാര്‍ സാഹൂ പറയുന്നു.

Tags:    
News Summary - Guidance is being prepared for programs in campuses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.