ഗുരുവായൂരിലെ കല്യാണ മണ്ഡപത്തിലെത്തിയ വധൂവരന്മാർക്ക് കോയ്മ ആദ്യം കൈക്കുമ്പിളിൽ നൽകിയത് ചന്ദനമല്ല; സാനിറ്റൈസർ. തുടർന്നാണ് പതിവ് ചടങ്ങുകളിലേക്ക് കടന്നത്. മഹാമാരിയോടുള്ള കരുതലോടെയാണ് ഗുരുവായൂരിൽ വിവാഹങ്ങൾക്ക് തുടക്കമായത്. താലി കെട്ടിെൻറയും മാലയിടലിെൻറയും സമയത്ത് മാത്രം വധൂവരന്മാർ മുഖാവരണം നീക്കി. വധൂവരന്മാർക്കും ഒപ്പം പങ്കെടുക്കുന്ന എട്ട് പേർക്കും കോവിഡ് ഇല്ലെന്നും ക്വാറൻറീനിൽ അല്ലെന്നും തെളിയിക്കുന്ന സാക്ഷ്യപത്രവും ഹാജരാക്കണം.
75 ദിവസമായി നിർത്തിവെച്ച വിവാഹങ്ങൾക്കാണ് വെള്ളിയാഴ്ച തുടക്കമായത്. രാവിലെ 6.30നായിരുന്നു ആദ്യ വിവാഹം. കൊല്ലം ചന്ദനത്തോപ്പ് സ്വദേശി അരുണ്‍ അരവിന്ദാക്ഷനും തൃശൂർ പെരിങ്ങാവ് സ്വദേശി അല ബി. ബാലയുമായിരുന്നു വധൂവരന്മാർ. വിവാഹസംഘത്തെ ശരീരോഷ്മാവ് പരിശോധിച്ചാണ് മണ്ഡപത്തിലേക്ക് കടത്തിവിട്ടത്. വെള്ളിയാഴ്ച ഒമ്പത് വിവാഹങ്ങളാണ് നടന്നത്. 10.30ഓടെ എല്ലാ വിവാഹങ്ങളും കഴിഞ്ഞു. കോയ്മ തൃക്കാവില്‍ തെക്കേമഠം അശോകന് മുഖ്യകാർമികത്വം വഹിച്ചു.
ആദ്യവിവാഹം നടക്കുന്ന സമയത്ത് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. ശങ്കർ, മാനേജർ പി. മനോജ് എന്നിവർ സന്നിഹിതരായിരുന്നു. വിവാഹം ശീട്ടാക്കാന്‍ കല്യാണ മണ്ഡപത്തിനടുത്ത് രാവിലെ പത്ത് മുതല്‍ രാത്രി ഏഴ് വരെ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സെപ്റ്റംബർ വരെയുള്ള വിവാഹങ്ങൾ ഇപ്പോൾ ബുക്ക് ചെയ്യാം. ഞായറാഴ്ച വിവാഹങ്ങളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.