ഗുരുവായൂർ: ആനന്ദനൃത്തമാടുന്ന ഉണ്ണിക്കണ്ണന്മാരും ഗോപികാവൃന്ദവും ക്ഷേത്രനഗരിയുടെ നിരത്തുകളിൽ നിറഞ്ഞു. കുസൃതിയും പീലിച്ചുരുള്‍മുടിയും ഓടക്കുഴലുമായി കണ്ണന്മാരും വെണ്ണക്കുടങ്ങളേന്തി രാധികമാരും നിരന്നപ്പോൾ അഷ്ടമിരോഹിണിനാളിൽ ഗുരുവായൂർ അമ്പാടിയായി.
രാവിലെ മുതൽ ആരംഭിച്ച ഘോഷയാത്രകൾ രാത്രിയും തുടർന്നു. നായർ സമാജത്തിന്റെ നേതൃത്വത്തിലുള്ള അഷ്ടമിരോഹിണി ആഘോഷക്കമ്മിറ്റിയുടെ ഘോഷയാത്ര രാവിലെ മമ്മിയൂർ ക്ഷേത്രസന്നിധിയിൽനിന്ന് ആരംഭിച്ചു. ക്ഷേത്രമുറ്റത്ത് ഒരുക്കിയ വേദിയിൽ ‘ജീവത’ എഴുന്നള്ളത്തുകാർ ചുവടുവെച്ചാടി.
ദേവീദേവന്മാർ പല്ലക്കിൽ എഴുന്നള്ളുന്നുവെന്ന സങ്കൽപത്തിലുള്ള ജീവത എഴുന്നള്ളത്ത് ഗുരുവായൂരിൽ അഷ്ടമിരോഹിണി ദിനത്തിൽ മാത്രമുള്ളതാണ്. ശ്രീകൃഷ്ണരഥത്തിന്റെയും താലപ്പൊലിയുടെയും കാവടികളുടെയുമൊക്കെ അകമ്പടിയിൽ ഘോഷയാത്ര നീങ്ങി.
വീഥികളിൽ കെട്ടിത്തൂക്കിയ ഉറികൾ താളത്തിൽ ചുവടുവെച്ച് അടിച്ചുടച്ചാണ് ഘോഷയാത്ര നീങ്ങിയത്. പെരുന്തട്ടക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച ഗുരുവായൂർ ശിവകൃഷ്ണ ഭക്തസേവ സംഘത്തിന്റെ ഘോഷയാത്രയും ആകർഷകമായി. ഗോപികാനൃത്തം, ഉറിയടി, മേളം, പഞ്ചവാദ്യം, കാവടികൾ, താലം, നാടൻകലാരൂപങ്ങൾ തുടങ്ങിയവ അകമ്പടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.