കൊച്ചി: ഗുരുവായൂർ, ശബരിമല ക്ഷേത്ര സ്വത്ത് മൂല്യനിർണയം നടത്തിയിട്ടില്ലെന്ന് അധികൃതർ. 124 കിലോ സ്വർണം, 72 കിലോ കല്ലടങ്ങിയ സ്വർണം, 6073 കിലോ ഗ്രാം പലതരം വെള്ളി എന്നിങ്ങനെ ഗുരുവായൂർ ക്ഷേത്രത്തിൽ സ്വത്തുണ്ട്. ഇത് ഭക്തരുടെ വഴിപാട് സമർപ്പണം, ഭണ്ഡാര വരവ് എന്നീ ഇനങ്ങളിലുള്ളതാണ്. 109.3687 ഹെക്ടർ ഭൂമിയും സ്വന്തമായിട്ടുണ്ട്. ശബരിമലയിൽ 227.824 കിലോ സ്വർണമാണുള്ളത്.
2994 കിലോഗ്രാം വെള്ളിയുമുണ്ട്. ഇവയുടെ മൂല്യം കണക്കാക്കിയിട്ടില്ല. പൗരാണിക മൂല്യമുള്ള ഉരുപ്പടികൾ ആയതിനാൽ മൂല്യനിർണയം അസാധ്യമാണെന്നാണ് ഗുരുവായൂർ, തിരുവിതാംകൂർ ദേവസ്വം ബോർഡുകൾ നൽകുന്ന മറുപടി. കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ഇരുദേവസ്വങ്ങളും വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് വിശദാംശങ്ങളുള്ളത്.
എന്നാൽ, ഇതിനേക്കാളേറെ സ്വത്തും ആസ്തിയുമുള്ള തിരുപ്പതി ക്ഷേത്രത്തിലെ സ്വത്തുക്കളുടെ മൂല്യം കണക്കാക്കിയിട്ടുണ്ടെന്ന് ഹരിദാസ് പറഞ്ഞു. ഹൈകോടതി നിർദേശപ്രകാരം ശബരിമല ക്ഷേത്രത്തിന്റേതായ ഭൂമിയുടെ സർവേ നടക്കുകയാണെന്നും അതിനാൽ അവ നൽകാൻ നിർവാഹമില്ലെന്നുമാണ് അധികൃതരുടെ മറുപടി. വലിയ വരുമാനമുള്ള ശബരിമല ക്ഷേത്രത്തിന്റെ സ്ഥിരനിക്ഷേപം 41.74 ലക്ഷം രൂപ മാത്രമാണെന്നത് കൗതുകകരമാണെന്ന് ഹരിദാസ് പറഞ്ഞു.
അതേസമയം നാഷനലൈസ്ഡ് ഷെഡ്യൂൾ ബാങ്കുകളിലായി ഗുരുവായൂർ ദേവസ്വത്തിന് 2053 കോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. കേരള ബാങ്കിൽ 17 കോടിയുടെ സ്ഥിരനിക്ഷേപം നടത്തിയിട്ടുണ്ടെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു. എന്നാൽ, സഹകരണ സ്ഥാപനങ്ങളിലോ സംഘങ്ങളിലോ ഗുരുവായൂർ ദേവസ്വം സ്ഥിരനിക്ഷേപം നടത്തരുതെന്ന് ഹൈകോടതി നിർദേശമുള്ളതാണെന്ന് ഹരിദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.